മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം

മങ്കട: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മങ്കട വേരുംപുലാക്കലിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം.

തിരൂര്‍ക്കാട് ആനക്കയം റോഡില്‍ മങ്കട വേരുംപുലാക്കലില്‍ ഉച്ചയ്ക്കുശേഷം 3.15നാണ് അപകടം നടന്നത്. ചെടിത്തൈകളുമായി പോയ ഗുഡ്‌സ് ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് മുക്കം സ്വദേശികളാണ് മരിച്ചതെന്നാണു നിഗമനം. വാഹനത്തില്‍നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് പ്രകാരം അഗസ്ത്യന്‍മൂഴി സ്വദേശി വെങ്കലത്ത് ഷിജു എന്നാണ് ഒരാളുടെ പേര്. മറ്റു 2 പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഗുഡ്‌സ് വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. വണ്ടി പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version