തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് മുക്കാൽ ലക്ഷം നഷ്ടപരിഹാരം; കുട്ടികൾക്ക് അപകടം പറ്റിയാലും നഷ്ടപരിഹാരം; അഞ്ച്ദിവസത്തിനകം നൽകും

NRGEA

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കാനായി വർഷത്തിൽ 100 ദിനം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിക്കിടെ അപകടം പറ്റിയാൽ ധനസഹായം നൽകാൻ പദ്ധതിയുമായി സർക്കാർ. തൊഴിലുറപ്പ് ജോലിക്കിടെ മരണപ്പെട്ടാൽ കുടുംബത്തിന് ധനസഹായം ഉറപ്പ് നൽകുന്ന പദ്ധതിക്ക് നിർദേശം നൽകി. ജോലിക്കിടെ അപടകടം സംഭവിച്ചുള്ള മരണത്തിന് പുറമേ കുഴഞ്ഞ് വീണോ ഹൃദയാഘാതം സംഭവിച്ചോ മരണപ്പെട്ടാലും തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി 75000 രൂപ ലഭിക്കും. മരണം നടന്ന് അഞ്ച് ദിവസത്തിനകം ഗ്രാമപഞ്ചായത്ത് പണം അനുവദിക്കണമെന്നാണ് സർക്കാർ നിർദേശം.

ആംആദ്മി ബീമായോജന പ്രകാരമുള്ള എക്‌സ്‌ഗ്രേഷ്യയാണ് സഹായധനമായി നൽകുന്നത്. 2005 സെപ്തംബറിൽ പാർലമെന്റിൽ നിയമം പാസാക്കിയതോടെ സെപ്തംബർ 7 മുതൽ ഇത് രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തി വരികയാണ്.

അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അർഹതയുണ്ട്. തൊഴിലാളികൾക്കൊപ്പം തൊഴിൽ സ്ഥലത്ത് എത്തുന്ന കുട്ടികൾക്ക് മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാൽ രക്ഷാകർത്താവിന് 37500 രൂപ ലഭിക്കും.

പദ്ധതിയുടെ തുടക്കത്തിൽ ഇന്ത്യയിലെ 200 ജില്ലകളിൽ മാത്രമായിരുന്നു ഈ നിയമം പ്രാബല്യത്തിൽ വന്നതെങ്കിലും 2008 ഏപ്രിൽ 1 മുതൽ രാജ്യത്തെ മുഴുവൻ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്.

Exit mobile version