‘ഇതൊക്കെ കണ്ട് നമ്മുടെ ആണ്‍കുട്ടികള്‍ വഴിപിഴച്ചുപോയാല്‍…? പൃഥ്വിരാജിനോട് നെല്‍സണ്‍ ജോസഫ്

കൊച്ചി: കഴിഞ്ഞ ദിവസങ്ങളായി, സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഷര്‍ട്ടിടാതെ നില്‍ക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. ചിത്രത്തില്‍ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടറും ഇന്‍ഫോക്ലിനിക് സ്ഥാപകനുമായ നെല്‍സണ്‍ ജോസഫ്. ഇതൊക്കെ കണ്ട് നമ്മുടെ ആണ്‍കുട്ടികള്‍ വഴിപിഴച്ചുപോയാല്‍ എന്ന ചോദ്യം പരിഹാസ രൂപേണ നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വല്ല പൂവിന്റെയോ പൂമ്പാറ്റയുടെയോ പടം പ്രൊഫൈല്‍ പിക് ആക്കാതെ സ്വന്തം ഫോട്ടോ, അതും ഒറ്റയ്ക്കുള്ളത് ഇടുന്നത് പോട്ടെന്ന് വയ്ക്കാം. എന്നാലും ഇത് കുറച്ച് കടന്നുപോയി ആണുങ്ങളായാല്‍ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണെന്നും ഇന്നല്ലെങ്കില്‍ നാളെ ഒരു പെണ്ണിന്റെ ഭര്‍ത്താവായി മറ്റൊരു വീട്ടില്‍ ചെന്ന് കയറേണ്ടതാണെന്നും ആരും പറഞ്ഞുതന്നില്ലേ എന്നും നെല്‍സണ്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഒരു ആൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പൃഥ്വിരാജിനോട്‌ ചിലത്‌ പറയാനുണ്ട്‌.
ഇപ്പൊഴത്തെ ചില പുതിയ ആമ്പിള്ളേരു പറയും അവരെടെ കാര്യം അവരാ തീരുമാനിക്കുന്നതെന്ന്.
അല്ല, നമ്മളങ്ങനെ അനാവശ്യമായിട്ട്‌ ആരുടേം കാര്യത്തില്ല് എടപെടാറില്ല. എന്നാലും ഇങ്ങനെ ചിലത്‌ കാണുമ്പൊ പറഞ്ഞു പോവില്ലേ?
വല്ല പൂവിന്റെയോ പൂമ്പാറ്റയുടെയോ പടം പ്രൊഫൈൽ പിക്‌ ആക്കാതെ സ്വന്തം ഫോട്ടോ, അതും ഒറ്റയ്ക്കുള്ളത്‌ ഇടുന്നത്‌ പോട്ടെന്ന് വയ്ക്കാം. എന്നാലും ഇത്‌ കുറച്ച്‌ കടന്നുപോയി
ആണുങ്ങളായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണെന്നും ഇന്നല്ലെങ്കിൽ നാളെ ഒരു പെണ്ണിന്റെ ഭർത്താവായി മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടതാണെന്നും ആരും പറഞ്ഞുതന്നില്ലേ?
അതോ നാലാള് അറിയപ്പെടുന്ന ഒരാളായപ്പൊ നമ്മുടെ രീതികളെയൊക്കെ മറന്നുകളഞ്ഞോ
അങ്ങനെയുള്ള ആൾക്കാരല്ലേ മറ്റുള്ളോർക്ക്‌ മാതൃക കാണിക്കേണ്ടത്‌?
രാത്രി പത്ത്‌ മണി കഴിഞ്ഞും നിങ്ങളെ ഓൺലൈനിൽ കണ്ടവരുണ്ടെന്ന് പറഞ്ഞുകേട്ടു. ഇതൊന്നും അത്ര ശരിയല്ല കേട്ടോ
മുണ്ടും പാൻ്റും ധരിച്ച് മാന്യമായി നടക്കുന്നതിനു പകരം ഇങ്ങനെ നടക്കുകയും മോഡേൺ കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ എല്ലാവരും മോശക്കാരായേ കാണൂ…
അച്ഛന്മാരും ആൺകുട്ടികളുമടക്കം പൊതുസമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന് ആലോചിക്കാത്തതെന്താണ്?
ഇത്‌ കണ്ട്‌ നാളെ എന്റെ വീട്ടിലെ ആൺകുട്ടി ഷർട്ടില്ലാതെ പുറത്തേക്കിറങ്ങിയാൽ?
ഇതൊക്കെ കണ്ട് നമ്മുടെ ആൺകുട്ടികൾ വഴിപിഴച്ചുപോയാൽ !!
എത്രയും പെട്ടെന്ന് ഷർട്ടില്ലാത്ത പടം മാറ്റി കിളികളുടെയോ പൂവിന്റെയോ പടമിടുമെന്ന പ്രതീക്ഷയോടെ

Exit mobile version