‘ താങ്കളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം’; കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിനിന്ന ഒരു പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യര്‍ത്ഥിച്ചയാള്‍ക്ക് സുശാന്ത് നല്‍കിയ മറുപടിയായിരുന്നു, ഒരു നല്ല നടനെ മാത്രമല്ല, നല്ലൊരു മനുഷ്യനെക്കൂടിയാണ് നഷ്ടപ്പെട്ടത്

തിരുവനന്തപുരം: സിനിമാലോകത്തെയും ഉറ്റവരെയും ആരാധകരെയും ഒന്നടങ്കം വേദനയിലാഴ്ത്തിയാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് വിടവാങ്ങിയത്. സുശാന്തിന്റെ മരണം ഇനിയും പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നാല്‍ മരണകാരണം ഇനിയും വ്യക്തമല്ല. നിരവധി പേരാണ് സുശാന്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്. ഒരു നല്ല നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യനെക്കൂടിയാണ് നഷ്ടപ്പെട്ടതെന്ന് പറയുകയാണ് ഡോ നെല്‍സണ്‍ ജോസഫ്. സിനിമകള്‍ക്കപ്പുറത്ത് സുശാന്ത് ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ട്.

കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിനിന്ന ഒരു പ്രളയകാലം. സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, കയ്യില്‍ പണമില്ല എന്ന് സുശാന്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്റ് ചെയ്ത ആരാധകന് കിട്ടിയ മറുപടി ‘ താങ്കളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം ‘ എന്നായിരുന്നു. സുശാന്ത് അത് നല്‍കുകയും ചെയ്തുവെന്ന് നെല്‍സണ്‍ ജോസഫ് പറയുന്നു.

അയാളെക്കുറിച്ച് നല്ലത് മാത്രം ഓര്‍മിച്ചു വയ്ക്കാനാണിഷ്ടം. എന്തിന് ചെയ്തു എന്ന ചോദ്യത്തില്‍ കാര്യമില്ല. അയാളെ ഇഷ്ടമുള്ള നമുക്ക്, അയാള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒന്നേയുള്ളൂ. നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കാനും ഒരു മിനിറ്റ് നീക്കിവയ്ക്കുകയെന്ന് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരേയൊരു സിനിമയാണ് അയാള്‍ നായകനായത് കണ്ടിട്ടുള്ളത്.

എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി. മഹേന്ദ്ര സിങ്ങ് ധോണിയുടെ ജീവിതം അയാള്‍ ജീവിച്ചിരിക്കുമ്പൊത്തന്നെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് ഒരു ചെറിയ ജോലിയല്ല.

നോക്കിലും നടപ്പിലും മാത്രമല്ല ധോണിയെ കാണിക്കേണ്ടത്. ഓരോ ഷോട്ടിലും സ്റ്റാന്‍സിലും വരെ അന്നത്തെ ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ ഓരോ ചലനവും ഓരോ ക്രിക്കറ്റ് പ്രേമിക്കും സുപരിചിതമാണ്.

അത് അയാള്‍ അനായാസം എടുത്ത് തോളത്ത് വച്ചുവെന്ന് മാത്രമല്ല, ഓരോ സെക്കന്‍ഡും ഭംഗിയായിത്തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്തുകൊണ്ടോ പാതിവഴിയില്‍ കാഴ്ച നിന്നുപോയ സിനിമയാണ്.

സിനിമകള്‍ക്കപ്പുറത്ത് സുശാന്ത് ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് ഓര്‍മിപ്പിച്ച ഒരു സംഭവമുണ്ട്.

കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിനിന്ന ഒരു പ്രളയകാലം. സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, കയ്യില്‍ പണമില്ല എന്ന് സുശാന്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കമന്റ് ചെയ്ത ആരാധകന് കിട്ടിയ മറുപടി ‘ താങ്കളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം ‘ എന്നായിരുന്നു.

അത് നല്‍കുകയും ചെയ്തു..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. ഒരു നല്ല നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യനെക്കൂടിയാണ് നഷ്ടപ്പെട്ടത്…

അയാളെക്കുറിച്ച് നല്ലത് മാത്രം ഓര്‍മിച്ചു വയ്ക്കാനാണിഷ്ടം.

എന്തിന് ചെയ്തു എന്ന ചോദ്യത്തില്‍ കാര്യമില്ല. അയാളെ ഇഷ്ടമുള്ള നമുക്ക്, അയാള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഒന്നേയുള്ളൂ.

ഒരു മിനിറ്റ് നീക്കിവയ്ക്കുക..

നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവര്‍ക്ക് സഹായം ആവശ്യമുണ്ടെങ്കില്‍ നല്‍കാനും..

ഏറ്റവും പ്രധാനം മാനസികാരോഗ്യവും ശരീരത്തിന്റെ ആരോഗ്യം പോലെ പ്രാധാന്യമുള്ള, ആവശ്യമുള്ളപ്പോള്‍ സഹായം സ്വീകരിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിയുകയാണ്.

സ്വയം ഇല്ലാതാവുന്നതിനെക്കുറിച്ച് ആരെങ്കിലും സൂചിപ്പിച്ചാല്‍ അവഗണിക്കാതിരിക്കുക. വിദഗ്ധ സഹായം തേടുവാന്‍ ശ്രമിക്കുക.

ഒരു നിമിഷം കൊണ്ട് ഒരാളെ നമുക്ക് രക്ഷിക്കാനായേക്കാം..

ഒറ്റയ്ക്ക് പൊരുതാന്‍ വിട്ടുകൊടുക്കാതെ ഒന്നിച്ച് നില്‍ക്കാം..

Exit mobile version