‘നിലനിന്ന് പോരുന്ന പല പൊതു വാര്‍പ്പുമാതൃകകളെയും ചിന്തകളെയും പൊളിച്ചടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വരച്ചെടുത്തതാണ് അപര്‍ണയുടെ ബൊമ്മി, വ്യക്തിത്വമുള്ള ഒരു പെണ്ണ്’; അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് ഡോ.നെല്‍സണ്‍ ജോസഫ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘സൂരറൈ പൊട്ര്’. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയ അപര്‍ണ്ണ ബാലമുരളിയും. ചിത്രത്തിലെ അപര്‍ണ്ണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രവും ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്‍ഫോ ക്ലിനിക്കിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ചത്.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സൂരരെ പോട്ര് ഇന്നലെ രാത്രി കണ്ടു. കണ്ടപ്പൊ തൊട്ട് എഴുതണമെന്ന് കരുതുന്ന വിഷയമാണ്.സൂര്യയെ പണ്ട് തൊട്ടേ ഇഷ്ടമാണ്. സാധാരണ ക്ലീഷേ തമിഴ് സിനിമകള്‍ എടുക്കുന്ന വിഷയങ്ങള്‍ക്ക് അപ്പുറത്ത് വ്യത്യസ്തമായ സബ്ജക്റ്റുകള്‍ പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുകൂടിയാവും ഒരുപക്ഷേ.

ഇത് പക്ഷേ സൂര്യയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഉള്ള കുറിപ്പല്ല. അപര്‍ണ ബാലമുരളി സിനിമയില്‍ ചെയ്ത ബൊമ്മി എന്ന കഥാപാത്രത്തെക്കുറിച്ചാണ്. അപര്‍ണയുടെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് എന്നത് മാത്രമല്ല ആ കഥാപാത്രത്തിന്റെ മെച്ചം. നിലനിന്ന് പോരുന്ന പല പൊതു വാര്‍പ്പുമാതൃകകളെയും ചിന്തകളെയും പൊളിച്ചടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വരച്ചെടുത്തതാണ് അപര്‍ണയുടെ ബൊമ്മി.

പെണ്ണ് കാണാന്‍ പോവുന്നതിനു പകരം ആണ് കാണാന്‍ പോവുന്ന, അവിടെച്ചെന്ന് സ്വന്തം മനസിലുള്ളത് തുറന്ന് പറയാന്‍ മടികാണിക്കാത്ത പെണ്ണ്. പഴമയുടെ ബോധക്കേട് പൊതുസദസില്‍ വച്ച് കെട്ടിയെഴുന്നള്ളിക്കാന്‍ മടിയില്ലാത്ത വല്യപ്പന് ഓണ്‍ ദി സ്‌പോട്ട് പണി കൊടുക്കുന്ന പെണ്ണ്.മിണ്ടാതിരി പെണ്ണേ, ഇതൊക്കെ പറയാനല്ലേ ആണുങ്ങള് വന്നത് എന്ന് കല്യാണാലോചനയ്ക്കിടെ പറയുന്നത് വകവയ്ക്കാതെ മനസിലുള്ളത് തുറന്ന് സംസാരിക്കുന്ന, സ്വന്തം കാലില്‍ നിന്നിട്ട് മതി, സ്വന്തം സംരംഭം ശരിയായിട്ട് മതി വിവാഹമെന്ന് പറയാന്‍ നട്ടെല്ലുള്ള പെണ്ണ്.

ഒരിടത്ത് സൂര്യയുടെ കഥാപാത്രം സ്വന്തം ഭാര്യയോട് സഹായം ചോദിക്കാന്‍ ദുരഭിമാനം കാട്ടുന്ന അവസരമുണ്ട്. അപ്പൊ എന്തിനാണ് ഇത്ര ദുരഭിമാനം എന്നും വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതല്ലേ, വല്ലപ്പൊഴും അതുപോലെ പ്രവര്‍ത്തിക്കൂ എന്ന് പറയുന്ന പെണ്ണ്.ഭാര്യയോട് സഹായം ചോദിക്കാന്‍ എന്തിനാണിത്ര വിഷമിക്കുന്നത് എന്നു ചോദിക്കുന്ന സീനില്‍ ഒരു നിമിഷം ഇവിടെ പെണ്‍കോന്തന്മാരെന്നും പാവാടയെന്നും കമന്റിടുന്ന അറിവില്ലാ പൈതങ്ങളെക്കുറിച്ചൊന്ന് ആലോചിച്ചുപോയി.

ഉര്‍വശിയും സൂര്യയും അഭിനയിച്ചവരെല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച സൂരരൈ പോട്ര് ല്‍ നായകന്‍ വിജയിക്കുമ്പൊ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന നായികമാരില്‍ നിന്നും, പടം കണ്ടിറങ്ങുമ്പൊ മറവിയിലേക്ക് മായുന്ന പെണ്ണില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബൊമ്മി.വ്യക്തിത്വമുള്ള ഒരു പെണ്ണ്.

Exit mobile version