‘ഇത് പിടി ഉഷയ്ക്ക്’ കാക്കി നിക്കര്‍ അയച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

PT Usha | Bignewslive

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചും കര്‍ഷകരെ പിന്തള്ളിയും നിലപാട് സ്വീകരിച്ച ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം പിടി ഉഷയ്‌ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. താരത്തിന് കാക്കി നിക്കര്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയത്.

യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയാണ് പിടി ഉഷയ്ക്ക് കാവി നിക്കര്‍ അയച്ചത്. പിടി ഉഷ കേരളത്തിന് അപമാനമായി മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകള്‍ പോയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി മഞ്ജു കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിക്കുന്നവരെ അപമാനിക്കലാണ് പി ടി ഉഷയെ പോലെയുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മഞ്ജു കുട്ടന്‍ തുറന്നടിച്ചു. രാജ്യത്തെ കര്‍ഷക സമരത്തോട് പിന്തുണ പ്രഖ്യാപിച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ പിടി ഉഷ രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഞങ്ങള്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു താരത്തിന്റ പ്രതികരണം. പിന്നാലെ രൂക്ഷവിമര്‍ശനമാണ് പിടി ഉഷയ്‌ക്കെതിരെ ഉയര്‍ന്നത്.

Exit mobile version