കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ പിരിച്ച പണം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുമാറ്റി; പണം അര്‍ഹതപ്പെട്ടവരുടെ കൈയ്യിലെത്തിയിട്ടില്ലെന്ന് ഗുരുതര ആരോപണവുമായി ദേശീയ സമിതി അംഗം

മലപ്പുറം: കത്വ, ഉന്നാവോ ഇരകളുടെ പേരില്‍ യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയായിട്ടും ഇരകള്‍ക്ക് കൈമാറിയില്ലെന്ന് പാര്‍ട്ടിയുടെ ദേശീയ സമിതി അംഗം. യൂസഫ് പടനിലമാണ് ഗുരുതര ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പിരിച്ച പണം കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയെന്നാണ് ആരോപണം. എല്ലാവരും അതിവൈകാരികമായി ഉള്‍ക്കൊണ്ട കത്വ, ഉന്നാവോ ഇരകള്‍ക്കായി വിശ്വാസികളില്‍ നിന്നും പിരിച്ച തുക നല്‍കാതിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമായി താന്‍ കാണുന്നതായി യൂസഫ് പടനിലം ആരോപിക്കുന്നു.

ഇരകളുടെ പേരില്‍ പിരിച്ച പണം കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ലഭിച്ചതായി ഇദ്ദേഹം പറയുന്നു. ഇതില്‍ 15 ലക്ഷം രൂപ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ യാത്രയ്ക്കായി ചെലവഴിച്ചതായും അദ്ദേഹം ആരോപിക്കുന്നു.

പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണക്കവതരിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് പൊതുവിടങ്ങളില്‍ ഇത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറാജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Exit mobile version