മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തർക്കം; യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു

മലപ്പുറം: മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് ലീഗ് പ്രവർത്തകരും മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ രൂക്ഷമായ തർക്കം. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. തർക്കം രൂക്ഷമായതിനിടെ യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു.

നിലവിൽ വൈസ് പ്രസിഡന്റായ സുഹറാബിയെ പുതിയ പ്രസിഡന്റാക്കാമെന്ന് യോഗം തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ യൂത്ത് ലീഗ് നേതാവായ അനീസ് മഠത്തിലിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി.

അകത്ത് യോഗം പുരോഗമിക്കുമ്പോൾ യൂത്ത് ലീഗ് പ്രവർത്തകർ പുറത്ത് പ്രതിഷേധം തുടർന്നു. പിന്നാലെ മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാക്കളെ പൂട്ടിയിട്ട് അണികൾ പ്രതിഷേധിക്കുകയായിരുന്നു. പോലീസെത്തി പൂട്ട് തുറന്നാണ് നേതാക്കളെ പുറത്തെത്തിച്ചത്.

നിലവിൽ സുഹറാബിയെ തന്നെ പ്രസിഡന്റാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ മുതിർന്ന നേതാക്കളും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. സംഘർഷമുണ്ടാക്കിയ പ്രവർത്തകർക്കെതിരേ നടപടിയെടുക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Exit mobile version