വേമ്പനാട്ട് കായലിന്റെ ‘കാവലാളായ’ രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച പുതിയ വള്ളം നല്‍കും: ബോബി ചെമ്മണ്ണൂര്‍

കുമരകം: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് ബോബി ചെമ്മണ്ണൂര്‍ മോട്ടോര്‍ ഘടിപ്പിച്ച പുതിയ വള്ളം സമ്മാനമായി നല്‍കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചത്.

ജന്മനാ പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായി വേമ്പനാട്ട് കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോണിയില്‍ ശേഖരിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

സ്വന്തമായി വളളം പോലുമില്ലാത്ത രാജപ്പന്റെ പ്രവര്‍ത്തിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി അഭിമാനപൂര്‍വ്വം പരാമര്‍ശിച്ചിരുന്നു.

നാട്ടുകാര്‍ വാങ്ങി നല്‍കിയ വള്ളത്തിലാണ് ഇപ്പോള്‍ രാജപ്പന്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം രാജപ്പന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കള്‍ അടുത്ത വീട്ടില്‍ കൊണ്ടുപോയാണ് വാര്‍ത്ത കാണിച്ചത്. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നതാണ് രാജപ്പന്റെ ഇനിയുള്ള ആഗ്രഹം.

ഓര്‍മ്മവയ്ക്കും മുന്‍പേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട, പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത രാജപ്പന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു.

കൊച്ചുവളളത്തില്‍ പുലര്‍ച്ചെ പ്ലാസ്റ്റിക് ശേഖരിക്കാന്‍ തുടങ്ങുന്ന രാജപ്പന്‍, പലപ്പോഴും ഏതെങ്കിലും പാലത്തിന്റെ കീഴില്‍ വള്ളത്തില്‍ തന്നെയാവും അന്തിയുറങ്ങുക. ഈ തൊഴില്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി.

നന്ദു എന്ന ചെറുപ്പക്കാരന്‍ കൗതുകത്തിന് പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് രാജപ്പന്റെ ജീവിതം പുറംലോകം അറിയുന്നത്.

രാജപ്പന് മോട്ടോർ ഘടിപ്പിച്ച വള്ളം ബോബി സമ്മാനമായി നൽകുന്നു.

#bobychemmanur #kumarakam #ManKiBaat

Posted by Boby Chemmanur on Monday, 1 February 2021

Exit mobile version