14കാരിക്ക് ശിശുസംരക്ഷണ കേന്ദ്രത്തിൽ ദുരൂഹമരണം; ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സംരക്ഷണ കേന്ദ്രത്തിൽ വെച്ച് പീഡനത്തിനിരയായെന്ന് സംശയം; പ്രതിഷേധിച്ച് ബന്ധുക്കൾ

child_

കൊച്ചി: പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി എറണാകുളം പച്ചാളത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലിരിക്കെ ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു. 14 കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബലപ്രയോഗത്തിൽ പാടുകളും കണ്ടെത്തി.

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപ് നടത്തിയ വൈദ്യപരിശോധനയിൽ ബലപ്രയോഗത്തിന്റെയോ ബലാത്സംഗത്തിന്റെയോ തെളിവുകളില്ലായിരുന്നു. എന്നാൽ മരണത്തിന് ശേഷം നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. കാലടി സ്വദേശിയായ 14കാരി പെൺകുട്ടിയാണ് ഈ മാസം 12 നാണ് പച്ചാളത്തെ സംരക്ഷണ കേന്ദ്രത്തിൽ കഴിയവെ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയേത്തുടർന്നായിരുന്നു മരണം.

സ്വന്തം പിതാവുൾപ്പെടെ പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ രണ്ട് വർഷം മുമ്പ് പച്ചാളത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്. മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന കുട്ടി ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞിരുന്നെന്നാണ് കപെർണോ അനാഥാലയം അധികൃതർ പോലീസിന് നൽകിയ മൊഴി.

കുട്ടിയെ പീഡിപ്പിച്ചതുമായ ബന്ധപ്പെട്ട പോക്‌സോ കേസ് ജനുവരി അവസാന വാരത്തോടെ വിചാരണയാരംഭിയ്ക്കാനിരിയ്‌ക്കെയാണ് ദുരൂഹസാഹചര്യത്തിലുള്ള മരണം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.ന്യൂമോണിയ ആണ് മരണ കാരണം എന്ന് കണ്ടെത്തിയതായി ഡിസിപി ഐശ്വര്യ ഡോം്രേഗ വ്യക്തമാക്കിയിരുന്നു.

അതേസമയം, കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടെന്നും ബലപ്രയോഗത്തിലൂടെ കൈകളിലും കാലുകളിലും ശരീരഭാഗങ്ങളിലും നിരവധി മുറിവുകൾ രൂപപ്പെട്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും മുമ്പ് നടത്തിയ വൈദ്യപരിശോധനാ റിപ്പോർട്ടിൽ കാര്യമായ പരിക്കുകളോ പാടുകളോ രേഖപ്പെടുത്തിയിട്ടില്ല.

ഇതോടെ സംഭവത്തിൽ, രണ്ടു സാധ്യതകളാണ് സംഭവത്തിൽ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, കുട്ടി പീഡത്തിനിരയായി ചൈൽഡ് ലൈൻ സംരക്ഷണത്തിലേക്ക് എത്തുംമുമ്പ് നടത്തിയ വൈദ്യപരിശോധനയിൽ ഗുരുതരമായ പിഴവുകളുണ്ടായി. ഇത് കേസിനെ ദുർബലപ്പെടുത്താൻ കാരണമാകുമായിരുന്നു. രണ്ട്, അഭയകേന്ദ്രത്തിൽ കഴിയുന്നതിനിടയിലും കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിരിക്കാം.

സമഗ്രമായ അന്വേഷണത്തിലൂടെ ദുരൂഹതകൾ ഇല്ലാതാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ചൈൽഡ് വെൽഫെയർ കമ്മറ്റി കുട്ടിയുടെ രോഗവിവരം സംബന്ധിച്ച ഒരു വിവരവും തങ്ങൾക്ക് കൈമാറിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് ഹോം ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയശേഷം അടുത്തബന്ധുക്കളെ പോലും കുട്ടിയെ കാണാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിയ്ക്കാമെന്ന ഉറപ്പിനേത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീടാണ് വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.

Exit mobile version