റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ; കലാഭവൻ മണിയുടെ പ്രിയങ്കരൻ; ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു; മരണം കോവിഡാനന്തര ചികിത്സയ്ക്കിടെ

Somadas | Kerala News

കൊല്ലം: റിയാലിറ്റി ഷോകളിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകൻ സോമദാസ് അന്തരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് സോമദാസിന് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്.

കൊല്ലം ചാത്തന്നൂർ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ് മലയാളികൾക്ക് സുപരിചിതനായത്. സ്റ്റാർ സിങർ, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്താണ് പ്രശസ്തനായത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, ആ സീസണിലെ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥിയായിരുന്നു അദ്ദേഹം.

അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.

സിനിമാ പിന്നിണി രംഗത്ത് തിളങ്ങിയില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളിൽ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാർത്ഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യൂ, ആർജെ രഘു, രേഷ്മ രാജൻ എന്നിവർ സഹമത്സരാർഥികളായിരുന്നു.

കൊല്ലം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.

Exit mobile version