അമ്മ കൂടെയില്ലാത്ത സങ്കടം മറന്ന് ‘ആമീന’ ഇവിടെ ഹാപ്പിയാണ്! കൂട്ടിനായി ആനക്കൂട്ടം തന്നെയുണ്ട്

baby elephant

കാട്ടാക്കട: കല്ലാറിൽ അമ്മയാനയുടെ മൃതദേഹത്തിനെ ചുറ്റി നടന്ന് നൊമ്പരമായി മാറിയ കുട്ടിയാന ‘ആമീന’ ഇപ്പോൾ സുഖമായി കഴിയുകയാണ്. കൂട്ടിന് മറ്റ് ആനകളും പരിപാലകരും ആവോളം സ്വാതന്ത്ര്യവും ആമീനയ്ക്ക് ഉണ്ട്. കാട്ടിൽ നിന്നും കൂട്ടിലെത്തിക്കാനായി പിടിയാന കുട്ടിയുടെ കാലിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകൾ അഴിച്ചുമാറ്റിയിരിക്കുകയാണ്.

സങ്കേതത്തിലെ മറ്റാനകളെപ്പോലെ ഇപ്പോൾ പൂർണ സ്വതന്ത്രയാണ് ഇവൾ. ജനുവരി 23നാണ് വിതുര കല്ലാറിൽ ഷോക്കേറ്റ് ചരിഞ്ഞ അമ്മയാനയുടെ കുഞ്ഞായ ആമീനയെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തിച്ചത്. കൊണ്ടുവന്ന് അടുത്ത ദിവസംതന്നെ വൈൽഡ് ലൈഫ് വാർഡൻ സതീശൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഒന്നരവയസിൽ താഴെ പ്രായമുള്ള പിടിയാനക്കുട്ടിക്ക് ആമീന എന്ന പേര് സമ്മാനിച്ചത്. ആന എന്ന വാക്കിനിടയിൽ ‘മീ’ എന്ന ഇംഗ്ലീഷ് വാക്കുകൂടി ചേർത്താണ് പേരിട്ടത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ കല്ലാർ കൊങ്ങൻമരുതിൻമൂടിനു സമീപം സ്വകാര്യ പുരയിടത്തിലാണ് ആമീനയുടെ അമ്മയാന ചരിഞ്ഞത്. ജഡത്തിനരികിൽനിന്നു മാറാതെ ഉറങ്ങുകയാണെന്ന് കരുതി അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ആനക്കുട്ടി എല്ലാവർക്കും നൊമ്പരമായിരുന്നു. അന്ന് ഉച്ചയോടെ പരുത്തിപ്പള്ളി റേഞ്ചിൽ നിന്നെത്തിയ ആർആർടി സംഘം പ്ലാസ്റ്റിക് കയറുപയോഗിച്ചാണ് ആനക്കുട്ടിയെ കാപ്പുകാട്ട് എത്തിച്ചത്.

കാപ്പുകാട്ടെത്തിയ ശേഷം അവളുടെ കുരുക്കളൊക്കെ മാറ്റി കൂട്ടിൽ പ്രത്യേക പരിചരണത്തിലാക്കിയിരിക്കുകയാണ്. കൊണ്ടുവന്ന അന്നു മുതൽ കുട്ടിയാനകളെ പരിചരിക്കാൻ വിദഗ്ദ്ധനായ സന്തോഷാണ് ആമീനയുടെ പരിചാരകൻ. കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന ആലസ്യമൊക്കെ മാറി. പരിപാലകരുമായി ഇണക്കം കാണിച്ചുതുടങ്ങിയിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. വെറ്ററിനറി ഡോക്ടർ ഷൈജു, അസിസ്റ്റന്റ് രാഹുൽ എന്നിവർ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്.

Exit mobile version