മാസങ്ങളായുള്ള ശോഭ സുരേന്ദ്രന്റെ പരാതികൾ അവസാനിപ്പിക്കുമെന്ന് ബിജെപി നേതൃത്വം; ഡൽഹിയിലെത്തി ചർച്ച

sobha surendran

തിരുവനന്തപുരം: കെ സുരേന്ദ്രൻ സംസ്ഥാന അധ്യാക്ഷനായതിന് പിന്നാലെ താനുൾപ്പടെയുള്ള നേതാക്കളെ തഴയുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു. ശോഭയുടെ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ബിജെപി കേന്ദ്രനേതൃത്വം. നിർമ്മല സീതാരാമനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിങുമായും ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശ പ്രകാരം ശോഭ സുരേന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പരിഹാരമാകുന്നത്.

സംസ്ഥാന നേതൃത്വത്തിൽ തഴയപ്പെട്ടവർക്ക് അർഹമായ പരിഗണന കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ മാസങ്ങളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രൻ ഒടുവിൽ അയഞ്ഞിരിക്കുകയാണ്. പരാതിയുമായി കേന്ദ്രനേതൃത്വത്തെ നിരവധി തവണ സമീപിച്ചിട്ടും പ്രശ്‌നത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നൽകാതെ ശോഭ സുരേന്ദ്രനെ അവഗണിക്കുകയായിരുന്നു.

നിലവിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ശോഭയുടെ പേരില്ല. ഇതുംകൂടിയായതോടെയാണ് ഒടുവിൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദേശപ്രകാരം ശോഭ ഡൽഹിയിലെത്തി ചർച്ചകൾ നടത്തിയത്. തഴയപ്പെട്ടവർക്ക് കേന്ദ്രം ഇടപെട്ടുള്ള പരിഗണന നൽകുമെന്നാണ് ഉറപ്പ്. സംസ്ഥാനത്ത് മൂന്ന്, നാല് തീയതികളിലെത്തുന്ന നദ്ദ സംസ്ഥാന ഘടകവുമായി പ്രശ്‌നം സംസാരിക്കും. നിർണ്ണായകമായ തെരഞ്ഞെപ്പിൽ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിർത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാനാർത്ഥി പട്ടികയിലും ഏറെനാളായി മാറി നിൽക്കുന്ന പാർട്ടി യോഗങ്ങളിലും ഇനി ശോഭയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുണ്ട്.

Exit mobile version