ഷാഫി പറമ്പിലിന്റെ പാലക്കാടും വിഎസിന്റെ മലമ്പുഴയും എ ഗ്രേഡ് പട്ടികയിൽ പെടുത്തി ബിജെപി; സന്ദീപ് വാര്യരും സി കൃഷ്ണകുമാറും മത്സരിക്കും

പാലക്കാട്: കോൺഗ്രസിന്റെ കൈവശമുള്ള പാലക്കാട് മണ്ഡലവും സിപിഎം വിജയിക്കുന്ന മലമ്പുഴയും എ ഗ്രേഡ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റർജി. യുവ പ്രാതിനിധ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പാലക്കാട് സന്ദീപ് വാര്യറും മലമ്പുഴയിൽ സി കൃഷ്ണകുമാറും സ്ഥാനാർത്ഥികളായേക്കും. സംസ്ഥാന നേതാക്കളും ജില്ലയിൽ മത്സരിക്കാനെത്തിയേക്കുമെന്നാണ് ബിജെപി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് പ്രതികരിച്ചത്.

പാലക്കാട് നഗരസഭയിൽ തുടർഭരണം നേടിയതും സമീപ പഞ്ചായത്തുകളിൽ വോട്ടുവിഹിതത്തിൽ വർധന ഉണ്ടായതും വരുന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്ക് സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധേയരായ നേതാക്കളെയാണ് പാലക്കാട് ജില്ലയിലേക്ക് പരിഗണിക്കുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കുന്നതിനായി പരിഗണിച്ചിരുന്നു എന്നാണ് സൂചന, എന്നാൽ മലമ്പുഴയിൽ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിൽ ബിജെപി രണ്ടാമതെത്തിയിരുന്നു. മലമ്പുഴയിലെ വിഎസിന്റെ അസാന്നിധ്യവും നാട്ടുകാരൻ തന്നെ പ്രതിനിധിയായി വേണമെന്ന പ്രാദേശിക ആഗ്രഹവും കൃഷ്ണകുമാറിന് സഹായകരമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

അതേസമയം, പാലക്കാട് കോട്ടയാക്കിയിരുക്കുന്ന ഷാഫി പറമ്പിലിനെ പ്രതിരോധിക്കാൻ സന്ദീപ് വാര്യരെത്തുമെന്നാണ് സൂചന. പക്ഷെ, താഴെത്തട്ടിൽ സന്ദീപ് സ്വീകാര്യനാവുമോ എന്ന സംശയം സംഘപരിവാറിനുണ്ട്. അതുകൊണ്ടുതന്നെ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുപ്പത്തി അയ്യായിരത്തിന് മുകളിൽ വോട്ടു സമാഹരിച്ച ഷൊർണൂരും ഒറ്റപ്പാലത്തും സംസ്ഥാനനേതാക്കളെ മത്സരത്തിനിറക്കാനും ആലോചനയുണ്ട്.

Exit mobile version