സാമൂഹ്യ ബോധവും പ്രതിബന്ധതയുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കും! ആരെയും നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കില്ല; തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ ആരെയും നിര്‍ബന്ധപൂര്‍വ്വം വനിതാ മതിലില്‍ പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ ബോധവും പ്രതിബന്ധതയുമുള്ള വനിതാ ജീവനക്കാര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയല്ല നിലപാടെങ്കില്‍ പങ്കെടുക്കേണ്ടതില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ച് വിഷയത്തിലെപ്പോലെ ആരോപണം ഉന്നയിക്കേണ്ടവര്‍ക്ക് തുടര്‍ന്നും ഉന്നയിക്കാം. അതിനെല്ലാം മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ സന്നദ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ നിര്‍ബന്ധമായും മതിലിന്റെ ഭാഗമാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത്, പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറയുകയായിരുന്നു തോമസ് ഐസക്
അതിനിടെ വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതില്‍ ഒരു സാമൂഹ്യ മുന്നേറ്റമാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെതല്ല. നവോത്ഥാന സംഘടനകള്‍ തന്നെ അതിനെ വിജയിപ്പിക്കും. സര്‍ക്കാര്‍ പണം അതിന് ഉപയോഗിക്കില്ല. എന്നാല്‍ വിഷയത്തില്‍ ശക്തമായ ആശയപ്രചരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version