കൈയ്യിലുള്ള സീറ്റുകൾ പോലും നഷ്ടപ്പെടുത്തി; തമ്മിലടി രൂക്ഷം; ബിജെപിയിൽ മണഡലം പ്രസിഡന്റുമാരുടെ കൂട്ടരാജി; തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഭരണം പിടിക്കാമെന്നു കണക്കുകൂട്ടിയെങ്കിലും കൈയ്യിലുള്ള സീറ്റുകൾ പോലും നഷ്ടപ്പെടുത്തേണ്ട അവസ്ഥ വന്നതോടെ ബിജെപിയിൽ മണ്ഡലം കമ്മറ്റി പിരിച്ചുവിടലും കൂട്ടരാജിയും. തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും തമ്മിൽതല്ലുമാണ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ കാരണമായത്.

പാർട്ടി നേതൃത്വം സംഘടനാ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന പരാതി ഉയർന്നതോടെ പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ 44 എ ക്ലാസ് വാർഡുകളടക്കം 62 എണ്ണത്തിൽ വിജയിക്കാമെന്ന കണ്ക്കുകൂട്ടിലിലായിരുന്നെങ്കിലും ബിജെപി-ആർഎസ്എസ് കണക്കുകൂട്ടൽ തകർത്തുകൊണ്ട് 35 സിറ്റിങ് സീറ്റിൽ കൂടുതൽ ഒന്നും നേടാനായില്ല. കൂടാതെ, കൈയ്യിലുണ്ടായിരുന്ന 11 സിറ്റിങ് വാർഡുകൾ നഷ്ടമാവുകയും ചെയ്തു.

തിരുവനന്തപുരം മണ്ഡലത്തിലേതാണ് ഏറ്റവും മോശം പ്രടകനമെന്നാണ് വിലയിരുത്തൽ. സീറ്റുനിർണയത്തിലെ അപാകതകൾ കാരണം ആറ്റുകാൽ, ശ്രീവരാഹം വാർഡുകൾ നഷ്ടമായത് പാർട്ടിക്ക് ക്ഷാണമായി. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്‌കെപി രമേശും രണ്ട് ജനറൽ സെക്രട്ടറിമാരും തമ്മിൽ തുടക്കം മുതലേ ഐക്യമില്ലായ്മയിലും കടുത്ത ഭിന്നതയിലുമാണ്.

ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബിജെപി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Exit mobile version