രണ്ട് വയസുകാരന് ശസ്ത്രക്രിയ; കൊവിഡ് പോരാട്ടത്തിനിടയില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പാട്ടുപാടി, സമാഹരിച്ചത് ഒന്നേകാല്‍ ലക്ഷം രൂപ! നിറകൈയ്യടി

തൃശ്ശൂര്‍: കൊവിഡ് പോരാട്ടങ്ങള്‍ക്കിടയില്‍ നിന്ന് പാട്ടുപാടി തൃശ്ശൂരിലെ 108 ആംബുലന്‍സ് ജീവനക്കാര്‍. വെറുതെ ഒരു ഗാനമേള ആയിരുന്നില്ല. ജീവിതത്തിലേയ്ക്ക് തിരികെ വരാന്‍ 2 വയസുകാരന് നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഇവര്‍ മൈക്കെടുത്തത്. ഇതിലൂടെ സമ്പാദിച്ചതാകട്ടെ ഒന്നേകാല്‍ ലക്ഷം രൂപയാണ്. അര്‍ബുദം ബാധിച്ച തമിഴ്നാട് സ്വദേശിയായ രണ്ടു വയസ്സുകാരനു വേണ്ടിയായിരുന്നു ഇവര്‍ സംഗീതപരിപാടി അവതരിപ്പിച്ചത്.

കുട്ടനെല്ലൂര്‍ ശാന്തി റോഡിലെ ഒരു കൂരയുടെ ചായ്പില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവണ്ണാമല സ്വദേശി സുധാകരന്റെയും കലൈവാണിയുടെയും ഇളയ മകന്‍ തിരുമലൈവാസന്റെ ജീവന്‍ നിലനിര്‍ത്താനാണ് 108-ലെ രക്ഷാദൂതര്‍ കൈകോര്‍ത്തത്. ഒരു വര്‍ഷം മുമ്പാണ് മകന് അരയ്ക്കുതാഴെ മുഴ രൂപപ്പെട്ടത്. പരിശോധനയില്‍ നാലുലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ തരം അര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു.

തമിഴ്നാട്ടില്‍ ശസ്ത്രക്രിയ അടക്കം ഒട്ടേറെ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രോഗം വീണ്ടും മൂര്‍ച്ഛിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് ഇപ്പോള്‍ ചികിത്സ നടത്തി വരുന്നത്. റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകളില്ലാത്തതിനാല്‍ സൗജന്യചികിത്സയും മുടങ്ങി. അടുത്തയാഴ്ചയാണ് ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്കായി എത്തേണ്ടത്. ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്സായ ജിന്‍ഷയാണ് വീട്ടുകാരുടെ ദുരിതം ആംബുലന്‍സ് ജീവനക്കാരുമായി പങ്കുവെച്ചത്. പിന്നാലെ ഇവര്‍ക്കായി സംഗീതപരിപാടി അവതരിപ്പിച്ചത്.

108 ആംബുലന്‍സ് ജീവനക്കാരായ അനീഷ്, പ്രകാശന്‍, സുമി, ജിജി, മണി, സുനീഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഇവര്‍ സമാഹരിച്ച ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ ചീഫ് വിപ്പ് കെ. രാജന്‍ വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. ഏഴും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍മക്കളുമുണ്ട് സുധാകരനും കലൈവാണിക്കും. ഇരുപത്തഞ്ചു വര്‍ഷമായി സുധാകരന്‍ കുട്ടനെല്ലൂരിലെത്തിയിട്ട്. കൂലിപ്പണിയാണ് ജോലി.

Exit mobile version