വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്ക് രക്ഷകരായി എത്തി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

അസം സ്വദേശിനിയായ 24കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൊച്ചി: വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി എത്തി കനിവ് 108 ആംബുലന്‍സ്. അങ്കമാലി തുറവൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള വീട്ടിലാണ് അസം സ്വദേശിനിയായ 24കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ നാട്ടുകാര്‍ ഉടനെ ആശാ വര്‍ക്കറെ അറിയിച്ചു. തുടര്‍ന്ന് ആശാ വര്‍ക്കര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. രാവിലെ എട്ടരയ്ക്ക് ആണ് വിവരം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ സന്ദേശം അങ്കമാലി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.

വിവരം അറിഞ്ഞ് ആംബുലന്‍സ് പൈലറ്റ് അമല്‍ പോള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സരിത സി.ആര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. തുടര്‍ന്ന് സരിത അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി.

തുടര്‍ന്ന് ഇരുവരെയും ആംബുലന്‍സില്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version