‘സ്‌കൂട്ടറില്‍ കറങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം’; പോലീസിന്റെ പിടിവീഴുമെന്ന് ഉറപ്പാകുമ്പോള്‍ കൃത്യമായി ഒഴിഞ്ഞ് മാറും, പോലീസിന് തലവേദനയായിരുന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ക്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ബാലകൃഷ്ണന്‍ മകന്‍ ഗോപകുമാറാണ് (37) ആണ് പിടിയിലായത്. ഇയാളെ പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.

ആളൊഴിഞ്ഞ സ്ഥലത്തു ഫോണ്‍ ചെയ്യാനെന്ന വ്യാജേന നിന്നശേഷം സ്‌കൂള്‍ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തുന്നതായിരുന്നു പ്രതിയുടെ സ്ഥിരം സ്വഭാവം. നഗ്‌നതാപ്രദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍തന്നെ ഹെല്‍മറ്റും ധരിച്ചു സ്ഥലം വിടും. നഗരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത്.

നഗ്നത പ്രദര്‍ശനത്തിന് എതിരെ പരാതികള്‍ വ്യാപകമായതോടെ പോലീസ് നാട്ടുകാരുമായി ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് ഇയാള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനായി. എന്നാല്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് അവ്യക്തമായ നമ്പര്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പുമായി സഹകരിച്ചു ആയിരത്തോളം സ്‌കൂട്ടറുകളുടെ നമ്പര്‍ പരിശോധിച്ച് വാഹനം കണ്ടെത്തി.

എന്നാല്‍ വാഹന ഉടമ വിദേശത്തായിരുന്നു. വിദേശത്തുള്ള വാഹന ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനം ഉടമയുടെ സുഹൃത്താണ് ഉപയോഗിക്കുന്നതെന്നു മനസിലായി. തുടര്‍ന്നാണ് പ്രതി ഗോപകുമാറാണ് എന്ന് കണ്ടെത്തിയത്. എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പ്രതി പുതിയതടത്തുള്ള വീടും വസ്തുവും മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റു പോയതിനാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

വെമ്പായം പോത്തന്‍കോട് ഭാഗങ്ങളില്‍ പ്രതി താമസിക്കുന്നുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വാഹനം പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വാഹനം olx -ല്‍ വില്‍പ്പന നടത്തി. ഇതും പ്രതിയെ പിടികൂടുന്നത് വൈകിപ്പിച്ചു.

തുടര്‍ന്ന്, കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോത്തന്‍കോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പ്രതി മുന്‍പും സമാന കുറ്റകൃത്യം ചെയ്തതിനു ആറ്റിങ്ങല്‍ പോലീസ് പിടിയില്‍ ആയിട്ടുണ്ട്.

Exit mobile version