കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിചമച്ചത്; പിന്നിൽ ഭാര്യയോടുള്ള വൈരാഗ്യവും കുട്ടികളെ ഉപദ്രവിച്ചത് പോലീസ് കേസാകുമെന്ന ഭയവും

mother1

തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്ന കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. എന്നാൽ, ഈ പരാതി വ്യാജമാണെന്ന ആരോപണവുമായി അറസ്റ്റിലായ യുവതിയുടെ കുടുംബം രംഗത്തെത്തി.വിവാഹമോചനം ചെയ്യാതെ ഭർത്താവ് വേറെ വിവാഹം കഴിച്ചത് യുവതി എതിർത്തിരുന്നു. കൂടാതെ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുയും ചെയ്തു. ഇതിലുള്ള വൈരാഗ്യവുമാണ് ഇയാൾ യുവതിക്ക് എതിരെ പോലീസിൽ പരാതിപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് കുടുംബം പറയുന്നത്.

പിതാവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ഇളയമകനും വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവിനൊപ്പം താമസിച്ചപ്പോൾ അടിക്കുകയും ഭക്ഷണം നൽകാതെ ഉപദ്രവിച്ചെന്നുമാണ് ഇളയ മകന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസമാണ് 14കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി അച്ഛൻ ചൈൽഡ്‌ലൈനിനേയും പോലീസിനേയും സമീപിച്ചത്. തുടർന്ന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവതി റിമാൻഡിലാണ്. അമ്മയ്‌ക്കെതിരെ ചൈൽഡ് ലൈനിനും പോലീസിനും കുട്ടി മൊഴി നൽകുകയും ചെയ്തു.

പ്രണയ വിവാഹമായിരുന്നു യുവതിയുടേയും ഭർത്താവിന്റെയും. നിരന്തരം മർദനം ഏൽക്കേണ്ടി വന്നതോടെ മൂന്നുവർഷമായി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നു യുവതി. 37കാരിയായ ഇവർക്ക് 17, 14, 11 വയസ്സുള്ള മൂന്ന് ആൺകുട്ടികളും ആറുവയസുള്ള പെൺകുട്ടിയുമാണുള്ളത്. മൂന്നുവർഷമായി പിരിഞ്ഞ് താമസിച്ചിരുന്നുവെങ്കിലും ഇവർ നിയമപരമായി വിവാഹം വേർപ്പെടുത്തിയിരുന്നില്ല. വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളെ കൂടെ കൊണ്ടുപോവുകയും ചെയ്തു. ഇതിലൊരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരേ അറസ്റ്റുൾപ്പെടെയുള്ള നടപടി ഉണ്ടായത്.

യുവതിയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നതായും സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിച്ചിരുന്നതായും കുടുംബം പറയുന്നു. ഗർഭിണി ആയിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും ഇയാൾ മർദ്ദിക്കുന്നത് പതിവായിരുന്നു. മകൾക്കെതിരേയുള്ളത് കള്ളക്കേസാണെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

ദമ്പതികളുടെ മൂന്നാമത്തെ ആൺകുട്ടി യുവതിയുടെ കുടുംബത്തിനൊപ്പമാണ് നിലവിൽ താമസിക്കുന്നത്. തന്നെയും അമ്മയെയും അച്ഛൻ നിരന്തരം മർദ്ദിച്ചിരുന്നതായാണ് ഈ കുട്ടിയും പറയുന്നത്.

Exit mobile version