അനിൽ പനച്ചൂരാന്റെ മരണത്തിൽ സംശയമുണ്ടെന്ന് ഭാര്യയും കുടുംബവും; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു

anil panachooran

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുള്ളത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

കായംകുളം പോലീസാണ് മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. രാവിലെ വീട്ടിൽനിന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്കു കാറിൽപോകുമ്പോൾ ബോധരഹിതനായി വീണ അനിൽ പനച്ചൂരാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു മരണം.

ബോധരഹിതനായി വീണ അനിൽ പനച്ചൂരാൻ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും രാത്രി എട്ടുമണിയോടെ മരിക്കുകയായിരുന്നു.

പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾ അസ്വാഭാവികത ചൂണ്ടിക്കാട്ടിയപ്പോൾ കിംസ് ആശുപത്രി അധികൃതരാണ് പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചത്. എന്നാൽ മറ്റു കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കുന്ന സമയം തീരുമാനിക്കും.

Exit mobile version