സെമി കഴിഞ്ഞു; ഇനി ഫൈനല്‍! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം പിടിക്കാന്‍ ബിജെപി ഇറക്കുന്നത് സുരേഷ് ഗോപിയെ?

എന്തു വിലകൊടുത്തും സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്കും സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഒപ്പം തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ മത്സരം കൊഴുപ്പിക്കുന്നത്.

കൊല്ലം: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്തു വിലകൊടുത്തും സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്കും സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഒപ്പം തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ മത്സരം കൊഴുപ്പിക്കുന്നത്.

അതേസമയം, കൊല്ലം ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ സുരേഷ് ഗോപിയെ ബിജെപി രംഗത്ത് ഇറക്കിയേക്കും എന്നതാണ് പുതിയ സൂചന. അറിയപ്പെടുന്ന മുഖങ്ങളെ പരമാവധി അണിനിരത്തുകയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. ഇതുവരെ ദയനീയ പ്രകടനമാണ് കൊല്ലത്ത് ബിജെപിയുടേയത്. എന്നാല്‍ സുരേഷ് ഗോപിയെ കൊല്ലത്ത് ഇറക്കിയാല്‍ നായര്‍ വോട്ടുകള്‍ നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലെ സമുദായ സമവാക്യങ്ങളും സുരേഷ് ഗോപിക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ.

എന്‍കെ പ്രേമചന്ദ്രന്‍ എംഎ ബേബിയെ കഴിഞ്ഞ തവണ 38000ത്തോളം വോട്ടിന് പരാജയപ്പെടുത്തിയപ്പോള്‍ ബിജെപിയുടെ വേലായുധന് വെറും 59000 വോട്ടാണ് കിട്ടിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ താരമൂല്യം സ്ഥിതിമാറ്റുമെന്നാണ് വിലയിരുത്തല്‍.

രണ്ട് തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം ഒരുങ്ങുമ്പോള്‍ പ്രധാന പേര് കെഎന്‍ ബാലഗോപാലിന്റേതാണ്. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്‍ പരമ്പരാഗത ഇടതുമുന്നണി വോട്ടുകള്‍ ഉറപ്പിക്കാം. ഒപ്പം എന്‍എസ്എസ് നേതൃത്വവുമായി അടുപ്പമുള്ള കുടുബബന്ധങ്ങള്‍ ബാലഗോപാലിന് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.

അത്യന്തം നാടകീയമായാണ് കഴിഞ്ഞ തവണ മുന്നണി മാറി എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതും ജയിച്ചതും. സുരേഷ് ഗോപിയും കെഎന്‍ ബാലഗോപാലും ഇത്തവണ പ്രേമചന്ദ്രന് എതിരെ പോരിന് ഇറങ്ങുമ്പോള്‍ ഇത്തവണയും മത്സരത്തിന് വാശി ഒട്ടും കുറയില്ല.

Exit mobile version