പ്രമേയത്തെ അനുകൂലിച്ചിട്ടില്ല, ശക്തമായി എതിർക്കുകയാണ് ചെയ്തത്; സ്പീക്കർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്നും ആരോപണം: നിലപാട് മാറ്റി ഒ രാജഗോപാൽ

o rajagopal | Kerala News

തിരുവനന്തപുരം: കാർഷിക നിയമങ്ങൾക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഏക ബിജെപി എംഎൽഎയായ താൻ അനുകൂലിച്ചെന്ന വാർത്തയെ തള്ളി ഒ രാജഗോപാൽ. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.

പ്രമേയത്തെ ശക്തമായി എതിർക്കുകയാണ് ചെയ്തതെന്ന് ഒ രാജഗോപാൽ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്രബില്ലിനേയും കാർഷിക നിയമങ്ങളേയും എതിർക്കുന്നില്ല. താൻ കേന്ദ്രസർക്കാരിനെതിരേയാണ് എന്നുള്ള റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും സ്പീക്കർ വേർതിരിച്ച് ചോദിച്ചില്ല. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ രാജഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.

നിയമഭേദഗതി കർഷകർക്ക് സംരക്ഷണം നൽകുന്നുവെന്നായിരുന്നു കർഷക നിയമത്തിനെതിരായ പ്രമേയത്തെ എതിർത്തുകൊണ്ട് നിയമസഭയിൽ പറഞ്ഞത്. നിയമ ഭേദഗതി നേരത്തെ കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചർച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും സഭയിലെ പരാമർശങ്ങളെ ശക്തമായി എതിർക്കുന്നതായും നിയമസഭയിലെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.

നേരത്തെ, നിയമസഭയില് അവതരിപ്പിച്ച പ്രമേയത്തെ ഒ രാജഗോപാൽ അനുകൂലിച്ചുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ‘പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനം’- എന്നായിരുന്നു രാജഗോപാൽ പ്രതികരിച്ചത്.

കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഒ രാജഗോപാൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version