കുതിരാനിൽ വൻഅപകടം; ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

തൃശ്ശൂർ: കുതിരാൻ ദേശീയ പാതയിൽ വൻഅപകടം. ബ്രേക്ക് പൊട്ടിയ ചരക്കു ലോറി ആറു വാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം.

തൃശ്ശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ചരക്കുലോറി കുതിരാൻ ഇറക്കത്തിൽ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് പായുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ ലോറിയ്ക്കടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. രണ്ടു കാറുകൾ പൂർണമായും തകർന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു കാറിൽ കുടുങ്ങിയ യാത്രക്കാരനെ മുക്കാൽ മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. മരിച്ച മൂന്നു പേരും പാലക്കാട് ജില്ലക്കാരാണെന്ന് പോലീസ് അറിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ചോറൂണിന് പോകുകയായിരുന്ന ട്രാവലറിലും ലോറി തട്ടി. ട്രാവലറിലെ യാത്രക്കാർക്ക് നിസാര പരുക്കാണ്. അപകടത്തെ തുടർന്ന് തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം. ചരക്കു ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു.

Exit mobile version