രാജന്റെ കുടുംബം താമസിച്ച സ്ഥലം മറ്റാർക്കെങ്കിലും നൽകുമെന്ന് വാദം; വസന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തു; ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ്

Vasantha Neyyattinkara

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികൾ ആത്മഹത്യാശ്രമത്തിനിടെ മരിച്ച സംഭവത്തിൽ അയൽക്കാരിയും പരാതി നൽകിയ വ്യക്തിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നും മാറ്റാനായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി.

ഇതിനിടെ, നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ദമ്പതികൾക്കെതിരെ പരാതി നൽകിയ സ്ത്രീയെ കസ്റ്റഡിയിൽ എടുക്കണോയെന്നത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കടകംപള്ളി അറിയിച്ചു. തെറ്റുകാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മരിച്ച രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ചിരുന്ന ഭൂമി തന്റേതാണെന്നും വിട്ടുനൽകില്ലെന്നും അയൽവാസിയായ വസന്ത പറഞ്ഞു. ഭൂമി വിട്ടുനൽകില്ല. തന്റേതാണെന്ന് തെളിയിക്കും. സ്ഥലം വേറെ ആർക്കെങ്കിലും എഴുതി കൊടുക്കും. ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും വസന്ത പറഞ്ഞു.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യ അമ്പിളിയും രണ്ട് ആൺമക്കളും. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബർ 22നാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂണിൽ കോടതി കമ്മീഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് രാജൻ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു. രാജൻ തിങ്കളാഴ്ച രാവിലെയോടെയും വൈകീട്ടോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു.

രാജന്റെ മൃതദേഹം പോങ്ങിൽ ഇവർ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കൾ കുഴിയെടുത്താണ് അടക്കിയത്. അതേസമയം മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികൾക്ക് വീട് വെച്ച് നൽകാൻ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മക്കളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കും.

Exit mobile version