കോരി വെച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കി കൊണ്ടുപോയി, കൊലക്കുറ്റം ചെയ്തവരോട് പോലും ഇങ്ങനെ ചെയ്യൂല; രാജന്റെയും അമ്പിളിയുടെയും മരണത്തില്‍ നെഞ്ചുപൊട്ടി അമ്മ

നെയ്യാറ്റിന്‍കര: സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യശ്രമത്തിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. രാജനും അമ്പിളിയുമാണ് മരിച്ചത്.

ഇതോടെ ഇവരുടെ മക്കളായ രാഹുലും രഞ്ജിത്തും തനിച്ചായി. രാജന്റെയും അമ്പിളിയുടെയും മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും നാടും ഇതുവരെ മോചിതരായിട്ടില്ല. ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തി.

മകനും കുടുംബത്തിനും നീതി കിട്ടണമെന്ന് രാജന്റെ അമ്മ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍. ‘ഞങ്ങള്‍ക്ക് നീതി കിട്ടണം. അവര് വന്നാണ് കത്തിച്ചത്. എന്റെ പിള്ളക്ക് നാല് സെന്റും വീടും കിട്ടണം. അവന്‍ സ്വയമേ കത്തിച്ചതല്ല. അവരാണ് കത്തിച്ചത്. കോരി വെച്ച ചോറ് തിന്നാന്‍ സമ്മതിക്കാതെ, കൊലക്കുറ്റം ചെയ്തവരായാലും, തിന്നാന്‍ സമ്മതിക്കാതെ പിടിച്ചിറക്കി കൊണ്ടുപോവൂല. അത് എവിടുത്തെ നിയമം?

സംഭവം കഴിഞ്ഞപ്പോഴാണ് ഞാന്‍ ഇവിടെ എത്തിയത്. ഞാന്‍ വന്ന് നോക്കിയപ്പോള്‍ മേശപ്പുറത്ത് നാല് പാത്രം നിരന്നിരിപ്പുണ്ട്. ഉണ്ടിരിക്കുന്നവരെ ഉണ്ണാന്‍ സമ്മതിക്കാതെ ആരെങ്കിലും കൊണ്ടുപോകുമോയെന്ന് എന്റെ മകളും ചോദിച്ചു’ അമ്മ പറയുന്നു.

അമ്പിളിയെയും ഇവിടെ തന്നെ അടക്കും. ഈ ഭൂമിയില്‍ വാഴാന്‍ സമ്മതിക്കൂലാന്ന് നേരത്തെ ഭീഷണിയുണ്ട്. രാജന്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നു, അമ്മാ ആരെങ്കിലും എന്തേലും ചെയ്ത് ഞാന്‍ ചത്താല്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ എന്നെ അടക്കണം. ശ്മശാനത്തിലൊന്നും കൊണ്ടിടരുതെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്.’ രാജന്റെ അമ്മ പറഞ്ഞു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു.

ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ മരണത്തിന് കീഴടങ്ങി. പിന്നാലെ അമ്പിളിയും.

Exit mobile version