നെയ്യാറ്റിന്‍കര ആത്മഹത്യാ ശ്രമം; ഭര്‍ത്താവിന് പിന്നാലെ പൊള്ളലേറ്റ ഭാര്യയും മരിച്ചു, ഒറ്റക്കായി കുട്ടികള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ദമ്പതികളില്‍ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി അമ്പിളി (40) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു മരണം. അമ്പിളിയുടെ ഭര്‍ത്താവ് രാജന്‍ (47) നേരത്തേ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭര്‍ത്താവ് രാജന്‍ മരിച്ചത്. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര പോങ്ങില്‍ ലക്ഷം വീട് കോളനിയിലെ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യാഗസ്ഥരും പോലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാശ്രമം.

കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കല്‍ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വച്ച് ഇരുവരും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. പോലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിരുന്നു.

Exit mobile version