രാഷ്ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്ലിംലീഗിന്റെ അരുംകൊലകൾ; ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം, അണികളെ നിലയ്ക്ക് നിർത്തണമെന്നും കേരള മുസ്ലിം ജമാഅത്ത്

Kanthapuram AP Aboobackar muslyar | Kerala News

കോഴിക്കോട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ(29) മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയയ സംഭവത്തെ അപലപിച്ച് കേരള മുസ്ലിം ജമാഅത്ത്. മുസ്ലിം ലീഗ് കഠാര രാഷ്ട്രിയം ഉപേക്ഷിക്കണമെന്നും നേതൃത്വം അണികളെ നിലയ്ക്ക് നിർത്തണമെന്നും കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തങ്ങൾക്കെതിരെ വോട്ട് ചെയ്യുന്നവരെയും വിധേയപ്പെടാത്തവരെയും ശാരീരീകമായി ഇല്ലാതാക്കുന്ന കഠാര രാഷ്ട്രീയം മുസ്ലിം ലീഗ് ഉപേക്ഷിക്കണം. അണികളെ നിലക്കു നിർത്താൻ നേതൃത്വം തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

‘സമകാലിക രാഷ്ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്ലിംലീഗ് ഇത്തരത്തിൽ അരുംകൊലകൾക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. നിരപരാധികളുടെ ചോര വീഴ്ത്തി നേടുന്ന താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് നേതൃത്വത്തെ കേരള മുസ്ലിം ജമാഅത്ത് ഓർമ്മിപ്പിക്കുകയും ചെയ്തു.

ജനാധിപത്യ മാർഗത്തിലൂടെയും നിയമപരമായും ഈ ധിക്കാരത്തെ സുന്നി പ്രസ്ഥാനം നേരിടും. അബ്ദുൽറഹ്മാൻ ഔഫിന്റെ കൊലപാതകത്തിനുത്തരവാദികളായവരെയും അവർക്ക് പ്രോത്സാഹനം നൽകുന്നവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സർക്കാർ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

യോഗത്തിന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, മാരായമംഗലം അബ്ദുറഹിമാൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version