സുരേന്ദ്രൻ കോന്നിയിൽ, അബ്ദുള്ളക്കുട്ടി കാസർകോട്; ശോഭയ്ക്കും സീറ്റ്; ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, ജി മാധവൻ നായർ, ശ്രീശാന്ത്, അലിഅക്ബർ തുടങ്ങിയവരും കരട് സ്ഥാനാർത്ഥി പട്ടികയിൽ

BJP Leaders

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കാസർകോടും പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് പ്രാഥമിക പരിഗണന കരടുപട്ടിക പുറത്തെത്തി.

പ്രധാനപ്പെട്ട ബിജെപി നേതാക്കൾക്കൊപ്പം മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, മുൻ ഐഎസ്ആർഓ ചെയർമാൻ ജി മാധവൻ നായർ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവരും പട്ടികയിൽ കരട് ഇടം നേടിയിട്ടുണ്ട് .സെൻകുമാറിനെ കഴക്കൂട്ടത്തേക്കും ജേക്കബ്ബ് തോമസിനെ ഇരിങ്ങാലക്കുടയിലേക്കും ജി മാധവൻനായരെ നെയ്യാറ്റിൻകരയിലും ശ്രീശാന്തിനെ തൃപ്പൂണിത്തുറയിലേക്കുമാണ് കരട് പട്ടിക പ്രകാരം പരിഗണിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഷെയറിൽ നേട്ടമുണ്ടാക്കാനായ കെ സുരേന്ദ്രനെ കോന്നിയിൽ തന്നെയാണ് പരിഗണിക്കുക. ഇത്തവണ സുരേന്ദ്രന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതോടൊപ്പം കഴിഞ്ഞ തവണ കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് സുരേന്ദ്രൻ മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ രണ്ടേമുക്കാൽ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങൽ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.

നേമം മണ്ഡലത്തിൽ ഒ രാജഗോപാലോ അല്ലെങ്കിൽ കുമ്മനം രാജശേഖരനോ മത്സരിക്കും. സുരേഷ് ഗോപി തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നു. കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നു.

പിഎസ് ശ്രീധരൻപിള്ള മടങ്ങിവന്നാൽ ചെങ്ങന്നൂർ മണ്ഡലം അദ്ദേഹത്തിന് തന്നെ നൽകും. ഇല്ലെങ്കിൽ കുമ്മനം രാജശേഖരനെയും ഇവിടേക്ക് പരിഗണിക്കുന്നുണ്ട്. കെപി ശശികലയെ പാലക്കാട്ടേക്കും വത്സൻ തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നു. സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു.

പിസി ജോർജ് പൂഞ്ഞാറിലും മകൻ ഷോൺ ജോർജ് കോട്ടയത്തും പിസി തോമസ് തൊടുപുഴയിലും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണക്കും. അൽഫോൺസ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളിയിലും പരിഗണിക്കുന്നു. മണ്ഡലത്തിലെ മുൻ എംഎൽഎയാണ് കണ്ണന്താനം.

മഞ്ചേശ്വരത്ത് രവീഷ തന്ത്രിയെയും കാസർകോട് അബ്ദുല്ലക്കുട്ടിയെയും പരിഗണിക്കുന്നു. തലശ്ശേരിയിൽ സദാനന്ദൻ മാസ്റ്റർ, എലത്തൂരിൽ കെപി ശ്രീശൻ, കോഴിക്കോട് നോർത്തിൽ പ്രകാശ് ബാബു, ബേപ്പൂരിൽ അലി അക്ബർ, ഒറ്റപ്പാലത്ത് സന്ദീപ് വാര്യർ, മലമ്പുഴയിൽ സി കൃഷ്ണകുമാർ, പാലക്കാട് കെപി ശശികല എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

Exit mobile version