വീണ്ടും ഷിഗെല്ല; കോഴിക്കോട് ഒന്നര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു, കോട്ടാംപറമ്പിലെ കിണറില്‍ സമാനമായ ബാക്ടീരിയ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം പുറത്ത് വന്നു.

അതേസമയം ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പ്രാഥമിക പഠനത്തില്‍ വെള്ളത്തിലൂടെയാണ് ഷിഗെല്ല പടര്‍ന്നതെന്ന വിവരം നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയയെ കണ്ടെത്തിയെന്ന പ്രാഥമിക വിവരങ്ങള്‍ പുറത്ത് വരുന്നത്. ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു റിപ്പോര്‍ട്ട്.

കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തി എന്നു കണ്ടെത്താനായിട്ടില്ല. ഷിഗെല്ല സോനി ഇനത്തില്‍ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണു കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്.

കോട്ടാംപറമ്പില്‍ 11 വയസ്സുകാരന്‍ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവരായിരുന്നു 6 പേരും.
പ്രദേശത്ത് 52 പേരില്‍ രോഗലക്ഷണം കണ്ടെത്തിയെങ്കിലും 5 വയസ്സിനു താഴെയുള്ള 2 കുട്ടികളാണു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്.

Exit mobile version