വിജയാഘോഷത്തിനിടെ വണ്ടിയില്‍ നിന്ന് വീണ് മരിച്ചു; ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കി പിവി അന്‍വര്‍ എംഎല്‍എ, രാഷ്ട്രീയത്തിനപ്പുറം ചേര്‍ത്ത് നിര്‍ത്തേണ്ട കുടുംബമെന്ന് എംഎല്‍എ

PV Anvar MLA | Bignewslive

നിലമ്പൂര്‍: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദ പ്രകടത്തിനിടെ വാഹനത്തില്‍ നിന്ന് വീണ് മരണപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കി പിവി അന്‍വര്‍ എംഎല്‍എ. മൂത്തേടം നെല്ലിപൊയില്‍ മലയില്‍ ഇസ്മായീല്‍ (32) ആണ് വിജയാഘോഷത്തിനിടെ അനൌണ്‍സ്‌മെന്റ് വാഹനത്തില്‍ നിന്നും വീണ് മരിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം മൂത്തേടം പഞ്ചായത്തിലെ നെല്ലിപൊയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടന വാഹനത്തിന് മുകളില്‍ നിന്നാണ് ഇസ്മായില്‍ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പിവി അന്‍വര്‍ എം എല്‍ എയുടെ മാതാപിതാക്കളായ എടവണ്ണ പി വി ഷൗക്കത്തലി ആന്‍ഡ് മറിയുമ്മ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നാണ് ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറിയത്. വൃദ്ധരായ മാതാപിതാക്കളുടെയും,ഭാര്യയുടെയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ആകെ അത്താണിയായിരുന്നു ഇസ്മയില്‍. ഏറെ കഷ്ടപ്പാടില്‍ കഴിയുന്ന ഈ കുടുംബത്തിനെ രാഷ്ട്രീയത്തിനും അതീതമായി ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. ആ കുടുംബത്തിന്റെ നഷ്ടത്തിനിതൊന്നും പകരമാവുകയില്ലെന്നറിയാം.എങ്കിലും അവര്‍ക്കൊപ്പമുണ്ട്. കാരണം രാഷ്ട്രീയത്തിലുമുപരി, മാനവികതയെ എന്നും വിലമതിക്കുന്നുണ്ടെന്ന് അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മൂത്തേടം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്‌ ആഹ്ലാദ പ്രകടനത്തിനിടയിൽ അനൗൺസ്‌മെന്റ്‌ വാഹനത്തിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ നെല്ലിപ്പൊയിലിലെ മുസ്ലീം ലീഗ്‌ പ്രവർത്തകനായ ഇസ്മയിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.വൃദ്ധരായ മാതാപിതാക്കളുടെയും,ഭാര്യയുടെയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെയും ആകെ അത്താണിയായിരുന്നു ഇസ്മയിൽ.ഏറെ കഷ്ടപ്പാടിൽ കഴിയുന്ന ഈ കുടുംബത്തിനെ രാഷ്ട്രീയത്തിനും അതീതമായി ചേർത്തുപിടിക്കേണ്ടതുണ്ട്‌.

എന്റെ മാതാപിതാക്കളുടെ പേരിൽ പ്രവർത്തിക്കുന്ന പി.വി.ഷൗക്കത്തലി & മറിയുമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി ഒരു ലക്ഷം രൂപ ഇന്ന് ഇസ്മയിലിന്റെ വീട്ടിലെത്തി എന്റെ മകനായ റിസ്‌വാനും സി.പി.ഐ.എം മൂത്തേടം ലോക്കൽ സെക്രട്ടറി ഷാനവാസും മറ്റ്‌ പ്രവർത്തകരും ചേർന്ന് കൈമാറി.ആ കുടുംബത്തിന്റെ നഷ്ടത്തിനിതൊന്നും പകരമാവുകയില്ലെന്നറിയാം.എങ്കിലും അവർക്കൊപ്പമുണ്ട്‌.കാരണം രാഷ്ട്രീയത്തിലുമുപരി,മാനവികതയെ എന്നും വിലമതിക്കുന്നുണ്ട്‌.❣️

Exit mobile version