വൈകുന്നേരം നടക്കാനിറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; ദാരുണാന്ത്യം

മലപ്പുറം: തെരുവുനായ്ക്കളുടെ ശല്യം ദിനം പ്രതി കൂടി വരികയാണ്. വിവിധയിടങ്ങളിലായി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്വദേശി വടക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്.

അറുപത്തിയഞ്ച് വയസ്സായിരുന്നു. വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. ഭാരതപുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ശങ്കരന്‍. കൂട്ടത്തോടെ എത്തിയ നായ്ക്കള്‍ ശങ്കരനെ ആക്രമിക്കുകയായിരുന്നു.

പ്രദേശത്ത് ആസമയം ആരുമില്ലാത്തതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് സ്ഥലത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

Exit mobile version