സിസ്റ്റര്‍ അഭയ കൊലക്കേസ്; പ്രത്യേക സിബിഐ കോടതിയുടെ വിധി ഇന്ന്

Sister Abhaya | bignewslive

തിരുവനന്തപുരം: കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി വിധി ഇന്ന്. പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ഒരു വര്‍ഷത്തിന് മുന്‍പേയാണ് കോടതിയില്‍ കേസ് വിചാരണ തുടങ്ങിയത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിര്‍ണായക സാക്ഷികള്‍ കൂറുമാറിയത് കേസിന് തിരിച്ചടിയായിരുന്നു.

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തി. പാതി വഴിയില്‍ മുടങ്ങിയ അന്വേഷണം 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.

ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട മുഖ്യ പ്രതികള്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു.

Exit mobile version