ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി എച്ച്‌ഐവി സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്നു; ജെൻഡർ പാർക്കിന് സഹായവുമായി യുഎൻ വിമൻ

KK Shailaja | Kerala News

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ. കേരളത്തിൽ വിവധ ഭാഗങ്ങളിലായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി എച്ച്‌ഐവി സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്നതിനായി 59,06,800 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടൊപ്പം ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളും ശക്തമാക്കി.

ജെൻഡർ പാർക്ക് പ്രവർത്തനങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ യുഎൻ വിമൻ പങ്കാളിയാകും. ഇതു സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ഒപ്പുവച്ചു.

എച്ച്‌ഐവി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി സാമൂഹ്യക്ഷേമ ബോർഡ് വഴി തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിലാണ് എച്ച്‌ഐവി സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സാമൂഹ്യക്ഷേമ ബോർഡ് വഴി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടെതിനെ തുടർന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടൽ തുടങ്ങിയവയാണ് ജെൻഡർ പാർക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ. യുഎൻ വിമന്റെ സാന്നിധ്യം ജെൻഡർ പാർക്കിന് ഊർജ്ജം പകരും.

ഈ മേഖലയിൽ ഏറെക്കാലമായി നടക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് യുഎൻ വിമന്റെ പങ്കാളിത്തമെന്നും ലിംഗനീതിക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമാണ് ജെൻഡർ പാർക്കെന്നും മന്ത്രി പ്രതികരിച്ചു.

ജെൻഡർ ലൈബ്രറി, മ്യൂസിയം, സുസ്ഥിര സംരംഭങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സഹായകമായ പരിശീലന കേന്ദ്രം തുടങ്ങിയ പദ്ധതികൾ ജെൻഡർ പാർക്കിനുണ്ട്.

ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെയും യുഎൻ വിമൻ ഓഫീസുകളിലേയ്ക്ക് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് പാർക്കിനെ ആഗോളതലത്തിൽ ഒരു’സൗത്ത് ഏഷ്യൻ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎൻ വിമൻ ലക്ഷ്യമിടുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ കെകെ ശൈലജ അറിയിച്ചു.

Exit mobile version