കാര്‍ത്ത്യാനി അമ്മയ്ക്ക് പിന്നാലെ പഠനത്തില്‍ മിടുക്ക് തെളിയിച്ച് മൈഥിലി മുത്തശ്ശി..! ‘അക്ഷരസാഗരം’ പരീക്ഷയില്‍ യുവമിഥുനങ്ങളെ കടത്തി വെട്ട് നൂറില്‍ നൂറ് സ്വന്തമാക്കി 90കാരി

മക്കളൊക്കെ മത്സ്യത്തൊഴിലാളികളാണ്.

തിരുവനന്തപുരം: 100ല്‍ 98 മാര്‍ക്ക് നേടി നമ്മയെല്ലാം ഞെട്ടിച്ച കാര്‍ത്ത്യായനി അമ്മയെ മറന്നു കാണാന്‍ ഇടയില്ല. ഇപ്പോഴിതാ കാര്‍ത്ത്യായനി അമ്മയ്ക്ക് സമാനമായി മറ്റൊരു മുത്തശ്ശി കൂടി. കോഴിക്കോട് കുര്യാടി വളപ്പില്‍ വീട്ടില്‍ മൈഥിലി (90)മുത്തശ്ശിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുന്നത്. സാക്ഷരതാമിഷന്റെ തീരദേശ സാക്ഷരതാ പദ്ധതിയായ ‘അക്ഷരസാഗരം’ പരീക്ഷയിലാണ് ഈ മുത്തശ്ശി നൂറില്‍ നൂറു നേടിയിരിക്കുന്നത്.

മക്കളൊക്കെ മത്സ്യത്തൊഴിലാളികളാണ്. കടല്‍ മാത്രം ജീവിതം എന്നു വിചാരിച്ച കുടുംബത്തില്‍ ഇന്ന് പഠനം മാത്രമാണ് ജീവിതം എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. ഈ മുത്തശ്ശിയെ പോലെ തന്നെ നൂറില്‍ നൂറുവാങ്ങിയവര്‍ അഞ്ചുപേരുണ്ടെങ്കിലും ഒഡിഷ സ്വദേശിനി മുദാദ് രേവതിയുടെ നൂറുമേനിക്കും തിളക്കമേറെയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാമിഷന്റെ ‘ചങ്ങാതി’ പദ്ധതിയിലാണ് 22 കാരിയായ രേവതി നുറുമേനി വിജയം നേടിയത്.

ടെക്നോപാര്‍ക്കിലെ ഒരു വസ്ത്രനിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയാണ് രേവതി. ജോലി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് പോകു . വീട്ടിലെ പണികളെല്ലാം തീര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ രാത്രി വൈകിയാലും രണ്ട് മണിക്കൂര്‍ മലയാളം പഠനം നിര്‍ബന്ധം. ചങ്ങാതി പദ്ധതിയില്‍ ബിഹാറില്‍ നിന്നുള്ള വിക്കി കുമാറും നൂറില്‍ നൂറു നേടി. പട്ടികജാതി കോളനികളിലെ സാക്ഷരതാ പദ്ധതിയായ ‘നവചേതന’ യില്‍ പരീക്ഷയെഴുതിയ മണിയമ്മ എ ജെ (ആലപ്പുഴ), ആദിവാസി കോളനികളില്‍ നടത്തിവരുന്ന ‘സമഗ്ര’ സാക്ഷരതാപദ്ധതിയില്‍ കമലാക്ഷി ഭാസ്‌കരന്‍ (ഇടുക്കി),ബിന്ദു എസ് (മലപ്പുറം) എന്നിവരും നൂറില്‍ നൂറു നേടി.

‘നവചേതന’ പരീക്ഷയില്‍ 70 മാര്‍ക്ക് നേടി വിജയിച്ച എറണാകുളം കനകയ്ക്കും പറയാന്‍ പൊരുതി നേടിയ വിജയത്തിന്റെ കഥയുണ്ട്. വീട്ടില പ്രാരാബ്ധം ഏറ്റെടുക്കാന്‍ ഒന്നാംക്ലാസില്‍ തന്നെ പഠനം നിര്‍ത്തി ഏഴാം വയസ്സില്‍ കൂലിവേലയ്ക്ക് പോയ കനകയ്ക്ക് ദുരിതമേറ്റി ഹൃദ്രോഗവും വന്നു. ലോട്ടറി ടിക്കറ്റ് വില്‍പ്പനയായിരുന്നു ജോലി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയപ്പോഴും രണ്ടു മക്കളെ വളര്‍ത്തി തനിയെ ജീവിതത്തോട് പൊരുതി കനക. ഒടുവില്‍ അറുപതാം വയസ്സില്‍ അക്ഷരങ്ങളും അക്കങ്ങളും പഠിച്ചു. മികച്ച വിജയം നേടിയ 42 പഠിതാക്കള്‍ക്കു മന്ത്രി സി രവീന്ദ്രനാഥ് സര്‍ട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു. പതിവുരീതിയിലുളള സാക്ഷരതാ പരീക്ഷകളില്‍ നിന്ന് മാറി സാക്ഷരതാമിഷന്‍ സംസ്ഥാനത്തെ 625 കേന്ദ്രങ്ങളിലായി നടത്തിയ മികവുത്സവത്തില്‍ മൊത്തം 8,605 പേരാണ് വിജയിച്ചത്.

Exit mobile version