ജനുവരി മുതല്‍ കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍; ഓടിത്തുടങ്ങുന്ന ട്രെയിനുകള്‍ ഇതൊക്കെ, വിവരങ്ങള്‍

കൊച്ചി: കോവിഡ് കാരണം നിര്‍ത്തിവെച്ച ട്രെയിനുകള്‍ കേരളത്തില്‍ ജനുവരിയില്‍ ഓടി തുടങ്ങും. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണു ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. പുതിയതായി ശുപാര്‍ശ ചെയ്തിരിക്കുന്ന ട്രെയിനുകള്‍ ഓടിക്കുന്നതോടെ 85 ശതമാനം എക്‌സ്പ്രസ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും.

തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, നാഗര്‍കോവില്‍- മംഗളൂരു പരശുറാം, നാഗര്‍കോവില്‍-മംഗളൂരു ഏറനാട്, മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂര്‍- മംഗളൂരു ഇന്റര്‍സിറ്റി, പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- പുനലൂര്‍ എക്‌സ്പ്രസ് തുടങ്ങിയവ ഓടിക്കാനാണു പ്രഥമ പരിഗണനയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനിന് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും പുനലൂരില്‍ ട്രെയിനുകളില്‍ വെള്ളം നിറയ്ക്കാനുള്ള സൗകര്യം മധുര ഡിവിഷന്‍ ഏര്‍പ്പെടുത്താന്‍ വൈകുന്നത് കാരണമാണ് സര്‍വീസ് ആരംഭിക്കാത്തത്. കോച്ചുകളുടെ ലഭ്യത അനുസരിച്ചായിരിക്കും ബാക്കി ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുക.

സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ 18 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കോച്ചുകള്‍ അറ്റകുറ്റപ്പണി നടത്തേണ്ടെന്ന തീരുമാനമാണ് കോച്ച് ക്ഷാമത്തിന് കാരണം. തീരുമാനം പുനഃപരിശോധിച്ചാലും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം കോച്ചുകള്‍ നന്നാക്കാനുള്ള സൗകര്യം റെയില്‍വേയ്ക്കില്ല.

പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മെമു ട്രെയിനുകളെങ്കിലും സര്‍വീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Exit mobile version