ലീഗല്ല, യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ്; പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നേതൃമാറ്റമല്ല, കൂട്ടായ പ്രവര്‍ത്തനവും പരിശ്രമവുമാണ് പാര്‍ട്ടിക്കകത്ത് വേണ്ടതെന്ന് വടകര എംപി മുരളീധരന്‍. കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയതായിരുന്നു മുരളീധരന്‍. യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ലീഗല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് മുരളീധരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് യുഎഡിഎഫ് നേടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കോഴിക്കോടും തൃശ്ശൂരിലും സമാനമായ ഫ്‌ളക്‌സുകള്‍ വന്നിരുന്നു. കെ. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു ഈ ബോര്‍ഡുകളിലും എഴുതിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിക്കകത്ത് കൂട്ടായ പ്രവര്‍ത്തനമില്ലെന്ന വിമര്‍ശനവുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു. കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടാത്തതാണ് യു.ഡി.എഫിന്റെ പരാജയ കാരണം. എന്തായാലും ജയിക്കും, എന്നാല്‍ പിന്നെ ഒതുക്കേണ്ടവരെയൊക്കെ ഒതുക്കാം എന്ന് ചിലരങ്ങ് കരുതിയെന്നും അതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇനിയിപ്പോള്‍ തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് രോഗം മാറില്ല. മേജര്‍ സര്‍ജറി വേണം. അതിനുള്ള സമയമില്ല. ഇപ്പോള്‍ ഒരു മേജര്‍ സര്‍ജറി നടത്തിയാല്‍ രോഗി ജീവിച്ചിരിക്കാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ ഒരു കൂട്ടായ ആലോചന നടത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

Exit mobile version