ആറ്റിങ്ങലില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍, മാതാപിതാക്കളില്ലാത്ത വിഷ്ണുവിനുള്ളത് സഹോദരി മാത്രം!

Man stabbed | Bignewslive

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. അക്രമത്തില്‍ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) അറസ്റ്റു ചെയ്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെമ്പകമംഗലത്താണ് സംഭവം. രാത്രി ഒന്‍പതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

വിഷ്ണുവിന് നെഞ്ചിലാണ് കുത്തേറ്റത്. ആ കുത്താണ് മരണത്തിന് ഇടയാക്കിയതും. മരിച്ച വിഷ്ണുവിന് മാതാപിതാക്കള്‍ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലുള്ള വിമല്‍ പോലീസ് നിരീക്ഷണത്തിലാണ്.

Exit mobile version