ഫാന്‍ ഓണാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൊച്ചിയില്‍ യുവാവിന് കുത്തേറ്റു

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റു. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന അടൂര്‍ സ്വദേശി മനുവിനാണ് കുത്തേറ്റത്. സുഹൃത്ത് ബിജുവാണ് കുത്തിപരിക്കേല്‍പ്പിച്ചത്. കുത്തേറ്റ മനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുറിയിലെ ഫാന്‍ ഓണാക്കുന്നതിനെച്ചൊല്ലി മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. ഇതിനിടെ ബിജു മനുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

പന്തളം സ്വദേശിയായ ബിജു നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.കൊച്ചിയില്‍ പ്ലംബിങ് ജോലിക്കായി എത്തിയ ഇരുവരും കഴിഞ്ഞ ഒരുമാസമായി പാലാരിവട്ടത്ത് ഒരുമിച്ചാണ് താമസം. ഇടയ്ക്കിടെ ബിജുവും മനുവും തമ്മില്‍ വഴക്കിടാറുണ്ടെന്നും ബിജു ഉച്ചത്തില്‍ ബഹളംവെയ്ക്കാറുണ്ടെന്നും പരിസരവാസികളും പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Exit mobile version