‘ഇതാണ് നിലപാട്’; ദേശീയ പതാക ഉയര്‍ത്തിയ ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് ഫിറോസ് കുന്നുംപറമ്പില്‍

firoz kunnumbarambil, dyfi, palakkad | bignewslive

പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടിയെ അഭിനന്ദിച്ച് ഫേസ്ബുക്ക് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് കുന്നുംപറമ്പില്‍ അഭിനന്ദനം അറിയിച്ചത്.

‘പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി.വൈ.എഫ്.ഐ ഇതാണ് നിലപാട്.’- ഫിറോസ് കുന്നുംപറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചിത്രം പങ്കുവച്ചായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ അഭിനന്ദനം. പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു.

‘ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

ഡിവൈഎഫ്ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ നടപടിയെ ചിലര്‍ അഭിനന്ദിച്ചത്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ സംഘികളെ അനുവദിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Exit mobile version