‘ദേശീയ പതാക ഉയര്‍ത്തിയത് ബിജെപിയെ ചൊടിപ്പിച്ചു’; ഡിവൈഎഫ്‌ഐക്ക് എതിരെ പരാതി നല്‍കി ബിജെപിയും യുവമോര്‍ച്ചയും

പാലക്കാട്: പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം’ ബാനര്‍ തൂക്കിയ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പരാതിയുമായി യുവമോര്‍ച്ച.ഡിവൈഎഫ്‌ഐ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ച് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് പോലീസില്‍ പരാതി നല്‍കി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസിലാണ് യുവമോര്‍ച്ച പരാതി നല്‍കിയത്.

നഗരസഭ കെട്ടിടത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാക കുത്തനെ തൂക്കി എന്നാണ് പരാതി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സുകള്‍ വച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച്് ഡിവൈഎഫ്‌ഐ ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. ‘ഇത് ആര്‍എസ്എസ് കാര്യാലയമല്ല നഗരസഭയാണ് ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനറിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. നഗര സഭയ്ക്ക് മുന്നില്‍ ദേശീയ പതാക തൂക്കിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

ഡിവൈഎഫ്‌ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ നടപടിയെ ചിലര്‍ അഭിനന്ദിച്ചത്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ സംഘികളെ അനുവദിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Exit mobile version