വീട് മുടക്കുന്നവർക്കല്ല, വോട്ട് വീട് കൊടുക്കുന്നവർക്ക്; യുഡിഎഫിന്റ വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നാലെ അനിൽ അക്കരയോട് എസി മൊയ്തീൻ

AC Moideen | Kerala News

തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ നിലകൊണ്ട് തെരഞ്ഞെടുപ്പിൽ ജനവിധി തിരിച്ചടിച്ചതോടെ അനിൽ അക്കര എംഎൽഎയെ പരിഹസിച്ച് മന്ത്രി എസി മൊയ്തീൻ. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് വടക്കാഞ്ചേരിയിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ മികച്ച വിജയത്തിന് പിന്നാലെ തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയ്‌ക്കെതിരേയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.

”വടക്കാഞ്ചേരിയിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അപവാദ പ്രചാരണം തുടങ്ങിയത് സ്ഥലത്തെ എംഎൽഎ ആണ്. ഒരു വസ്തുതയും ഇല്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. ലൈഫ് മിഷനിൽ രണ്ടര ലക്ഷം ആളുകൾക്ക് വീട് വെച്ച് കൊടുത്തുകഴിഞ്ഞു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലെ 1600 പേർ ഈ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വീട് ലഭിച്ചവരാണ്. ലൈഫ് മിഷൻ വഴി ഭവനരഹിതരായ ആളുകളുടെ ജീവിതാഭിലാഷം പൂർത്തിയാക്കാൻ സഹായിച്ച സർക്കാരിനൊപ്പമാണ് നിൽക്കേണ്ടത്. ഈ അപവാദക്കാരോടൊപ്പമല്ല നിൽക്കേണ്ടതെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.”- മന്ത്രി അഭിപ്രായപ്പെട്ടു.

ലൈഫ് മിഷന്റെ ഭാഗമായി 140 ഭവനങ്ങൾ ഇപ്പോൾ പണി പൂർത്തീകരിച്ച് നൽകേണ്ട സമയമായിരുന്നു ഇതെന്നും എന്നാൽ സ്ഥലം എംഎൽഎ കൊടുത്ത പരാതിയിൽ ബിജെപി കൂട്ടുചേർന്ന് യാതൊരു മാനദണ്ഡവുമില്ലാതെ സിബിഐ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിച്ച് പണി നിർത്തിവെപ്പിച്ചു. ഇത്തരം ഒരു സാഹചര്യം ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് വോട്ട് എന്ന് വടക്കാഞ്ചേരിയിലെ ജനങ്ങളും തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും നിങ്ങൾക്ക് അതിന്റെ പ്രതിഫലനം കാണാം മന്ത്രി തൃശ്ശൂരിൽ പറഞ്ഞു.

മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ വിവാദങ്ങളിലും മാധ്യമപ്രചാരണത്തിലും മാത്രം ശ്രദ്ധിക്കുന്ന ഒരു ജനപ്രതിനിധിക്കും ജനങ്ങളുടെ സംരക്ഷണം ഉണ്ടാകില്ലെന്നാണ് ഈ വിജയം തെളിയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളോടൊപ്പമാണ് ജനങ്ങളെന്ന് തെളിയിക്കുന്നതാണ് ഈ വിജയം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നന്മയോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങൾക്ക് നന്ദിപറയുന്നു എന്നും മന്ത്രി പ്രതികരിച്ചു.

Exit mobile version