ജനുവരി മുതല്‍ മുഴുവന്‍ സര്‍വീസുകളും കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും

KSRTC ,| BIGNEWSLIVE

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച മുഴുവന്‍ സര്‍വീസുകളും ജനുവരി മുതല്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും. കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും ബിജുപ്രഭാകര്‍ വ്യക്തമാക്കി.

കൂടാതെ ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി നാല് വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരുവിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കെ.എസ്.ആര്‍.ടി.സി.യുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്‌കരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 26-ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവിറക്കി. കെ.എസ്.ആര്‍.ടി.സി.യിലെ മുഴുവന്‍ ജീവനക്കാര്‍ക്കും (26819 പേര്‍ക്കും) ഇതിന്റെ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബര്‍ 1 മുതലാണ് അനുവദിക്കുക. ഡിസംബര്‍ മാസം മുതലുള്ള ശമ്പള വിതരണത്തില്‍ ചെയ്യും. കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നവരെ ഇത് നല്‍കും. തുടര്‍ന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ ആരംഭിക്കും.

Exit mobile version