‘കോ..മാ..ലീ’ സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകും; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മികച്ച വിജയത്തിന് പിന്നാലെ എപി അബ്ദുള്ളക്കുട്ടി

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയമാണ് നേടിയിരിക്കുന്നത്. ഇടതിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ലീഗ് എന്നീ മുന്ന് പാര്‍ട്ടികളെയും പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.

കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, ലീഗ് എന്ന ‘കോമളി’ സഖ്യം പിണറായി വിജയന് തുണയായെന്ന് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു… ഈ ‘കോമളി’ സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സന്തോഷവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കോ … മാ… ലീ സഖ്യം
പിണറായിക്ക് തുണയായി
ഈ "കോമളി "സഖ്യം കോൺഗ്രസ്സ് മുക്ത കേരളത്തിന് തണലാകും …

Posted by AP Abdullakutty on Wednesday, December 16, 2020

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത എല്‍ഡിഎഫ് തേരോട്ടത്തില്‍ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ് കോര്‍പറേഷനില്‍ അഞ്ചിലും എല്‍ഡിഎഫ് മുന്നിലെത്തി. മുനിസിപ്പാലിറ്റികളില്‍മാത്രമാണ് അല്‍പ്പമെങ്കിലും യുഡിഎഫ് പിടിച്ചുനിന്നത്.

എല്‍ഡിഎഫ്– 35, യുഡിഎഫ്– 45. ബിജെപി– 2. പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. 2015ല്‍ 535 പഞ്ചായത്തില്‍ വിജയിച്ച എല്‍ഡിഎഫ് ഇത്തവണ 514 ഇടത്ത് ഭൂരിപക്ഷം നേടി. യുഡിഎഫിന് 377. ബിജെപി 23ല്‍ മുന്നിലെത്തി.

കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ എല്‍ഡിഎഫ് ഇത്തവണയത് 108 ആക്കിയപ്പോള്‍ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനില്‍ 1267ഉം 331 ജില്ലാഡിവിഷനില്‍ 211ഉം എല്‍ഡിഎഫിനൊപ്പംനിന്നു.

Exit mobile version