എൽഡിഎഫിന് വിജയം സംഭാവന ചെയ്തത് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; തിരുവനന്തപുരത്ത് വർഗീയ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചു: കെ സുരേന്ദ്രൻ

K Surendran | Kerala Nes

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് ഉണ്ടായ മുന്നേറ്റം രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടേയും സംഭാവനയാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് മുക്തകേരളം എന്ന നിലയിലേക്കാണ് കേരളം പോകുന്നതെന്നും പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പരസ്യമായ ധാരണയുണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപണമുന്നയിച്ചു.

തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടായ സ്ഥലങ്ങളിലടക്കം വർഗീയ കോൺഗ്രസും ശക്തികളും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണമായ തകർച്ചയാണ് തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും അവർ എൽഡിഎഫിന് മറിച്ചുവിറ്റു. തിരുവനന്തപുരം കോർപറേഷനിലെ പല ഡിവിഷനുകളിലും യുഡിഎഫിന്റെ വോട്ട് ഷെയർ ഗണ്യമായി കുറഞ്ഞിരിക്കുന്നു. നിർണായക സ്വാധീനമുള്ള മേഖലകളിൽ പോലും വോട്ടിങ് ശതമാനം താഴേക്ക് പോയി. ഇരുമുന്നണികളും തമ്മിലുള്ള വോട്ട് കച്ചവടമാണ് തിരുവനന്തപുരത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇരുമുന്നണികളും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കി. ഇത് പ്രാഥമിക വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാണ്. കോൺഗ്രസിന് ഒരു ധാർമികതയും അവകാശപ്പെടാനില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എന്താണ് പ്രതിഫലം വാങ്ങിയതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളോട് പറയാൻ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

എൽഡിഎഫിനെ നേരിടുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഇരുകൂട്ടരും പരസ്പര ധാരണയുണ്ടാക്കി.

വരുംകാലത്ത് എൽഡിഎഫും എൻഡിഎയും തമ്മിലുള്ള പോരാട്ടമായിരിക്കും കേരളത്തിൽ ഉണ്ടാവുക. തിരുവനന്തപുരമാണ് അതിന്റെ മാതൃകയെന്നും വരുകാല കേരള രാഷ്ട്രീയം എന്താണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Exit mobile version