കരിങ്കല്‍ക്വാറിയില്‍ മണ്ണിടിച്ചില്‍; ടിപ്പറിന് മുകളിലേക്ക് പാറ വീണ് ഡ്രൈവര്‍ മരിച്ചു

wayanad, quarry,accident | bignewslive

വയനാട്: കരിങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ് മരിച്ചത്.കരിങ്കല്ല് കയറ്റാന്‍ എത്തിയ ടിപ്പറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. സില്‍വസ്റ്റര്‍ ഓടിച്ചിരുന്ന ലോറിക്ക് മുകളില്‍ വലിയ പാറ വന്ന് പതിക്കുകയായിരുന്നു. വയനാട് വടുവഞ്ചാല്‍ കടച്ചിക്കുന്നില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടമുണ്ടായത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ലോറിക്ക് മുകളിലേക്ക് വീണ പാറ സ്‌ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ചാണ് സില്‍വസ്റ്ററെ പുറത്ത് എടുത്തത്.

ക്വാറിയുടെ പ്രവര്‍ത്തനം മൂലം വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയിലായിരുന്നു 50 ല്‍ അധികം പ്രദേശവാസികള്‍. പാറ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം മൂലം പരിസരത്തെ നിരവധി വീടുകള്‍ക്കാണ് വിളളല്‍ വീണത്. ഇതേ തുടര്‍ന്ന് നേരത്തെ രണ്ട് തവണ ക്വാറിയുടെ അനുമതി പഞ്ചായത്ത് നിഷേധിച്ചിരുന്നു .പിന്നീട് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് ക്വാറി തുറന്ന് പ്രവര്‍ത്തിച്ചത്.

Exit mobile version