അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്; ഉന്നം വച്ചത് എന്നെയല്ല, പാർട്ടിയെ; മാതൃഭൂമിക്ക് തുറന്ന കത്തുമായി ഓമനക്കുട്ടൻ

Omanakuttan | Kerala news

തൃശ്ശൂർ: 2019ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ പണപിരിവ് നടത്തിയെന്ന് വ്യാജപ്രചരണം നടത്തി ചില മാധ്യമങ്ങൾ വേട്ടയാടിയ കുറുപ്പൻ കുളങ്ങരയിലെ സിപിഎം പ്രവർത്തകൻ എൻഎസ് ഓമനക്കുട്ടൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അദ്ദേഹത്തിന്റെ മകൾ സുകൃതിക്ക് മെറിറ്റിൽ സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിക്കുകയും സോഷ്യൽമീഡിയ വലിയ ആഘോഷത്തോടെ വാർത്ത ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പ്രമുഖ മാധ്യമങ്ങളിലും വീണ്ടും ഓമനക്കുട്ടൻ തെളിയുന്നത്.

അന്ന് വ്യാജപ്രചാരണം ഏറ്റെടുത്ത് ഓമനക്കുട്ടനെ വേട്ടയാടിയ മാധ്യമങ്ങൾ തന്നെ ഇന്ന് ഓമനക്കുട്ടന്റെ മകളുടെ നേട്ടത്തെ വലിയ വാർത്തയാക്കിയിരിക്കുകയാണ്. എന്നാൽ ഈ വാർത്തയ്ക്കിടയിലും മാധ്യമങ്ങൾ വരുത്തിയ തെറ്റ് ഓമനക്കുട്ടൻ തന്നെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ്. അന്ന് തനിക്കെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന മാതൃഭൂമി വീണ്ടും വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചാണ് തുറന്ന കത്തുമായി ഓമനക്കുട്ടൻ രംഗത്തെത്തിയിരിക്കുന്നത്.

മാതൃഭൂമി അറിയാൻ എന്ന തലക്കെട്ടിൽ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ ഓമനക്കുട്ടൻ പറയുന്നതിങ്ങനെ: ‘എന്നെക്കുറിച്ചും എന്റെ പാർട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തിൽ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.
‘2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സർക്കാർ തന്നെ മാപ്പു പറയുകയും ചെയ്ത….’
ബഹുമാന്യ മാധ്യമ സുഹൃത്തെ, ദുരിതാശ്വാസ ക്യാമ്പിൽ സിപിഐഎം പ്രവർത്തകൻ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്. നിങ്ങൾക്കത് ഒരു ചൂട് വാർത്തയായിരുന്നു.
എന്നെയല്ല നിങ്ങൾ ഉന്നം വച്ചത് എന്റെ പാർട്ടിയെയും എൽഡിഎഫ് ഗവൺമെന്റിനെയുമായിരുന്നു. നിങ്ങൾ നൽകിയ വാർത്ത പുറത്ത് വന്നപ്പോൾ സർക്കാർ പ്രതിനിധികളും പാർട്ടി നേതൃത്വവും തെറ്റായകാര്യങ്ങൾ കർശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്. ഒരു സാധാരണ പ്രവർത്തകനായഞാൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പിന്നീട് യഥാർത്ഥ വസ്തുത പുറത്തുവന്നപ്പോൾ നിങ്ങൾ മാധ്യമങ്ങൾക്കു തന്നെ തിരുത്തേണ്ടി വന്നു.’

എൻഎസ് ഓമനക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ്:

മാതൃഭൂമി അറിയാൻ……
ഞാൻ എൻ.എസ്.ഓമനക്കുട്ടൻ.
സി.പി.ഐ.എം പ്രവർത്തകനാണ്.
എന്റെ മകൾ സുകൃതിക്ക് സർക്കാർ മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചകാര്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു.
ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുവാൻ കഴിഞ്ഞ എനിക്ക് എന്റെ മകൾക്ക് ലഭിച്ച ഈ അവസരം അഭിമാനത്തിന് വക നൽകുന്നതാണ്.
എന്നെക്കുറിച്ചും എന്റെ പാർട്ടിയെക്കുറിച്ചും എഴുതിയകൂട്ടത്തിൽ മാതൃഭൂമി നടത്തിയ ഒരു പ്രയോഗം വസ്തുതാവിരുദ്ധമാണ്.
‘2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന് ആരോപിതനാകുകയും പിന്നീട് സർക്കാർ തന്നെ മാപ്പു പറയുകയും ചെയ്ത……
ബഹുമാന്യ മാധ്യമസുഹൃത്തെ
ദുരിതാശ്വാസ ക്യാമ്പിൽ സി.പി.ഐ.എം പ്രവർത്തകൻ അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപണം ഉന്നയിച്ചത് നിങ്ങൾ മാധ്യമങ്ങളാണ്.നിങ്ങൾക്കത് ഒരു ചൂട് വാർത്തയായിരുന്നു.
എന്നെയല്ല നിങ്ങൾ ഉന്നം വച്ചത് എന്റെ പാർട്ടിയെയും എൽ.ഡി.എഫ്.ഗവൺമെന്റിനെയുമായിരുന്നു.
നിങ്ങൾ നൽകിയ വാർത്ത പുറത്ത് വന്നപ്പോൾ സർക്കാർ പ്രതിനിധികളും പാർട്ടി നേതൃത്വവും തെറ്റായകാര്യങ്ങൾ കർശനമായി നേരിടും എന്ന നിലപാടും സ്വീകരിച്ചു. ഞാനും അതിനോട് യോജിക്കുകയാണുണ്ടായത്.
ഒരു സാധാരണപ്രവർത്തകനായഞാൻ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.പിന്നീട് യഥാർത്ഥ വസ്തുത പുറത്തുവന്നപ്പോൾ നിങ്ങൾ മാധ്യമങ്ങൾക്കു തന്നെ തിരുത്തേണ്ടി വന്നു.
സത്യത്തിന് ഒരു മുഖമല്ലേയുള്ളൂ..

Exit mobile version