‘നെഹ്രുവിന് വള്ളംകളി അറിയാമോ എന്നുചോദിച്ചാല്‍ വാജ്പേയിക്ക് തുരങ്കംപണി അറിയുമോ എന്ന് തിരിച്ചുചോദിക്കേണ്ടിവരും’; എന്‍എസ് മാധവന്‍

ns madhavan | big news live

തിരുവനന്തപുരം:തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരേ എഴുത്തുകാരനും നിരൂപകനുമായ എന്‍എസ് മാധവന്‍ രംഗത്ത്.

‘നെഹ്രുവിന് വള്ളംകളി അറിയാമോ എന്നുചോദിച്ചാല്‍ വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചുചോദിക്കേണ്ടിവരും’ എന്നായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

റോഹ്തങ്ങില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത 9.02 കിലോമീറ്റര്‍ നീളമുള്ള ടണലിനു മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് (അടല്‍ ടണല്‍) നല്‍കിയത് പരാമര്‍ശിച്ചായിരുന്നു എന്‍ എസ് മാധവന്റെ ട്വീറ്റ്.

ജവഹര്‍ലാല്‍ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നാണ് വി മുരളീധരന്‍ ചോദിച്ചത്. അതേസമയം ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുന്നതിനെതിരെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് വന്‍ രോഷമാണ് ഉയര്‍ന്നിരിക്കുന്നത്.

Exit mobile version