വിമാനയാത്ര സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി; സൗജന്യ യാത്ര നടത്തിയെന്ന് ആരോപിച്ച ശബരീനാഥനെതിരെ നിയമനടപടി; എഎന്‍ ഷംസീര്‍

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് സൗജന്യ വിമാനയാത്ര നടത്തിയെന്ന കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ.

സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് താനടക്കമുള്ളവര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനയാത്ര നടത്തിയതെന്ന് ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ തെളിവുകളും ഷംസീര്‍ പുറത്തുവിട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പകല്‍ മൂന്നിന് പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും എംഎല്‍എമാരും കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് പോയത് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം. 63 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഈ യാത്രയ്ക്ക് 2,28,000 രൂപ ചിലവഴിച്ചത് ഒഡെപെക് (ODEPC) എന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമാണെന്നും ഇത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണെന്നുമായിരുന്നു ശബരീനാഥന്റെ ആരോപണം. പിന്നാലെ ഈ ആരോപണം ഏറ്റുപിടിച്ച് ബിജെപിയും രംഗത്തെത്തി.

എന്നാല്‍ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (കിയാല്‍) ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കൗണ്‍സിലും (ഒഡെപെക്) അറിയിച്ചു.

ആര്‍ക്കും സൗജന്യയാത്ര അനുവദിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമായ ഒഡെപെക് നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയടക്കം എല്ലാ യാത്രക്കാരില്‍ നിന്നും പണം ഈടാക്കുന്നുണ്ടെന്നും ഇതിനകം 29 പേരുടെ ടിക്കറ്റ് ചാര്‍ജ് കിട്ടിയതായും ഒഡെപെക് ജനറല്‍ മാനേജര്‍ അറിയിച്ചു.

Exit mobile version