ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, മുന്നൊരുക്കങ്ങള്‍ ശക്തമാക്കി

cyclone | big news live

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നത് മുമ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ തിരുവനന്തപുരം മേഖലയില്‍ എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കന്‍ തമിഴ്‌നാട്ടിലും തുടര്‍ന്ന് കേരളത്തിലും എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം. അതേ സമയം കേരളത്തില്‍ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി സംസാരിച്ചിരുന്നുവെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ചുഴലിക്കാറ്റിന്റെ സാന്നിധ്യം നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയില്‍ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

1077 എന്ന നമ്പറില്‍ തിരുവനന്തപുരം കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്‌സ് കണ്ട്രോള്‍ റൂമിലേക്കും വിളിക്കാം. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുന്‍കരുതലും ജാഗ്രതയും എടുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version